
ന്യൂഡൽഹി : മണിപ്പൂരിൽ മുഖ്യമന്ത്രിയായി എൻ. ബിരേൻ സിംഗിന് രണ്ടാമൂഴം. ഇന്ന് ചേർന്ന് ബി.ജെ.പി നിയമസഭാ കക്ഷിയോഗമാണ് ബിരേൻ സിംഗിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേന്ദ്ര നിരീക്ഷകരിൽ ഒരാളായ നിർമല സീതാരാമൻ ആണ് തീരുമാനം പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് ബിശ്വജിത് സിംഗിന്റെ പേര് സജീവമായി ഉയർന്നുകേട്ടിരുന്നെങ്കിലും എല്ലാ പ്രചാരണങ്ങൾക്കും അറുതിവരുത്തിയാണ് ബി.ജെ.പി നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ബിരേൻ സിംഗിനും ബിശ്വജിത് സിംഗിനുമിടയിലുള്ള അധികാരത്തർക്കം പരിഹരിക്കാനായി യുംനം ഖേംചന്ദിന്റെ പേര് മുന്നോട്ട് വച്ച ആർ.എസ്.എസ് നിർദേശം സ്വീകരിക്കാതെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം. ബിശ്വജിത് സിംഗിനെയും ബിരേൻ സിംഗിനെയും യുംനം ഖേംചന്ദിനെയും കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇവരോട് വെവ്വേറെ ചർച്ച നടത്തിയ ശേഷം ഔദ്യോഗിക പ്രഖ്യാപനത്തിനായി കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനെയും കിരൺ റിജിജുവിനെയും ഇന്ന് മണിപ്പൂരിലേക്ക് അയയ്ക്കുകയായിരുന്നു.
ഇതാദ്യമായാണ് ബി.ജെ.പിക്ക് മണിപ്പൂരിൽ ഭരണത്തുടർച്ച ലഭിക്കുന്നത്. മുൻ ഫുട്‌ബോൾ താരവും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന ബിരേൻ സിംഗ് മണിപ്പൂർ കോൺഗ്രസിന്റെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു. 2016ലാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരുന്നത്. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുതിർന്ന ബി.ജെ.പി നേതാവായിരുന്ന ബിശ്വജിത് സിംഗിന്റെ പേരായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായി ബിരേന് ബി.ജെ.പി ദേശീയ നേതൃത്വം മണിപ്പൂർ ഭരണം കൈമാറുകയായിരുന്നു.
മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂരിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻ.പി.പി വലിയ മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.