
തിരുവനന്തപുരം: 26ാമത് രാജ്യാന്തര ചലച്ചിത്ര മേള തലസ്ഥാന നഗരിയെ ഉത്സവലഹരിയിലാഴ്ത്തി മൂന്നാം ദിനം പിന്നിട്ടിരിക്കുകയാണ്. കൊവിഡ് മഹാമാരി തളർത്തിയ രണ്ടുവർഷം ഇത്തവണ തിരിച്ചുപിടിക്കണമെന്നതാണ് ചലച്ചിത്രാസ്വാദകരുടെ മുഖ്യ ലക്ഷ്യം. ഐ എഫ് എഫ് കെ സിനിമാസ്വാദനത്തിന്റെ ദിനങ്ങൾ മാത്രമല്ല, മറിച്ച് ഒത്തുകൂടലിന്റെയും പ്രായഭേദമന്യേ അടിച്ചുപൊളിക്കുന്നതിനും കൂടിയുള്ള അവസരമാണ്. മാര്‍ച്ച് 18 മുതല്‍ 25 വരെ എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 14 തിയേറ്ററുകളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. സിനിമയോടൊപ്പം ആസ്വദിക്കാൻ മറ്റ് ചില സർപ്രൈസുകളും മേളയുടെ ഭാഗമായുണ്ട്. അതിലൊന്നാണ് ചലച്ചിത്രമേളയുടെ പ്രധാന വേദിയായ തിരുവനന്തപുരം ടാഗോർ തിയേറ്ററിലെ ക്രെമ.
വലിയ വലിയ കോഫി ഷോപ്പുകളിലും മാളുകളിലും മാത്രം കണ്ടിരുന്ന വിവിധ രുചികളിൽ എത്തുന്ന കോഫി മേളയുടെ ഭാഗമാവുന്നു. ക്രെമ എന്ന കോഫിഷോപ്പ് നടത്തുന്നത് നാല് ചെറുപ്പക്കാർ ചേർന്നാണ്. ക്രെമ എന്നാൽ ക്രീം എന്നാണർത്ഥം. മറ്റൊരു പ്രത്യേകതയും ഈ നാല് ചെറുപ്പക്കാർക്കുണ്ട്. എഞ്ചിനീയറിംഗ് പഠിക്കുന്നവരും പഠിച്ചിറങ്ങിയവരുമാണ് ഇവർ. പഠിച്ച വിഷയത്തിൽ നിന്ന് മാറി മറ്റൊരു മേഖല തിരഞ്ഞെടുത്തതിന്റെ അതൃപ്തി ചിലരുടെ മാതാപിതാക്കൾക്കെങ്കിലും ഉണ്ടെങ്കിലും തങ്ങൾക്ക് ഇഷ്ടപ്പെട്ട വഴിയിൽ സഞ്ചരിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇവർ. തിരുവനന്തപുരം സ്വദേശികളായ ഇവർക്ക് തങ്ങളുടെ ആദ്യ സംരംഭം തലസ്ഥാന നഗരിയിൽ തന്നെ അതും അന്താരാഷ്ട്ര മേളയിലൂടെ തന്നെ തുടക്കമിടാൻ സാധിച്ചതിന്റെ സംതൃപ്തിയുമുണ്ട്.
യന്ത്രങ്ങളുടെ സഹായം കൂടാതെ തന്നെ സ്വയം കോഫീ ബീൻസ് ഗ്രൈൻഡ് ചെയ്ത് നല്ല ശുദ്ധവും രുചിയേറിയതുമായ കോഫി നല്ല ക്വാളിറ്റിയിൽ ഉപഭോക്താക്കൾക്ക് നൽകുക എന്ന ആശയമാണ് ക്രെമ എന്ന കോഫീ ഷോപ്പിലേക്കെത്താൻ ഇവർക്ക് പ്രേരണയായത്. അതുകൊണ്ട് തന്നെ ഇവരുടെ കോഫിക്ക് ആവശ്യക്കാരും ഏറെയാണ്. എന്തെങ്കിലും സ്വന്തമായി അവതരിപ്പിക്കണമെന്ന ആഗ്രഹമാണ് ക്രെമയിലേക്കെത്തിച്ചതെന്ന് കോഫി ഷോപ്പിന്റെ സഹസ്ഥാപകരിൽ ഒരാളായ രാഹുൽ പറയുന്നു. വെർട്ടിക്കൽ ഫാമിംഗ് പോലുള്ള ആശയങ്ങൾ പരിഗണിച്ചെങ്കിലും ഭീമമായ മൂലധനം കണക്കിലെടുത്ത് ഉപേക്ഷിക്കേണ്ടതായി വന്നു. തുടർന്നാണ് ചലച്ചിത്രമേളയും അവിടെയൊരു കോഫിഷോപ്പും എന്ന ആശയം ഉദിക്കുന്നത്.
ഇതുവരെ രുചിയറിഞ്ഞതിൽ വച്ച് മികച്ച കോഫികളിൽ ഒന്നാണ് ക്രെമയിൽ ലഭിക്കുന്നതെന്ന് കോഫി ആസ്വദിച്ചവരിൽ മിക്കവരും അഭിപ്രായപ്പെടുന്നു. മെഷീനുകളുടെ സഹായം അധികമായി ഉപയോഗിക്കാത്തതും മേളയിൽ എത്തുന്നവരിൽ കൗതുകമുണർത്തുന്നു. അതുകൊണ്ടുതന്നെ ക്രെമയിൽ എപ്പോഴും തിരക്കോടു തിരക്ക് തന്നെ. തങ്ങളുടെ ആദ്യ സംരംഭം വിജയകരമായതിൽ ഏറെ സന്തോഷമുണ്ടെന്ന് രാഹുലും സുഹൃത്തുക്കളും ക്രെമയുടെ പങ്കാളികളുമായ അനൂപും അത്‌സറും പറയുന്നു.
പഠിച്ച വിഷയത്തിൽ തന്നെ ജോലി നോക്കണമെന്നും ഉയർന്ന ശമ്പളത്തിലുള്ള ജോലി തന്നെ ലഭിക്കണമെന്നും ആഗ്രഹിച്ച് തടസങ്ങളുടെ മുന്നിൽ പകച്ചുനിൽക്കുന്ന യുവ ജനതയ്ക്ക് മാതൃകയാവുകയാണ് ഈ ചെറുപ്പക്കാർ. സ്വപ്നങ്ങൾ പിന്തുടരണമെന്നും അവയിലേക്കെത്താനുള്ള പാത മുള്ളുകൾ നിറഞ്ഞതാണെങ്കിലും സ്വയം വിശ്വാസമർപ്പിച്ച് സ്വന്തം കഴിവുകളിൽ വിശ്വസിച്ച് തങ്ങൾക്ക് മനസംതൃപ്തി നൽകുന്ന തൊഴിൽ തന്നെ തിരഞ്ഞെടുക്കാൻ സധൈര്യം മുന്നിട്ടിറങ്ങണം. ഒടുവിലത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാകുമെന്നുള്ളതിന് ഉദാഹരണമാവുകയാണ് ക്രെമ എന്ന കോഫീ ഷോപ്പും അതിന്റെ നടത്തിപ്പുകാരായ ചെറുപ്പക്കാരും.