
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്ന കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ തള്ളി പ്രൊഫ. കെ.വി. തോമസ്. പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണെന്ന് കെ.വി. തോമസ് പറഞ്ഞു
വിഷയം സോണിയാഗാന്ധിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെയും അറിയിച്ചിട്ടുണ്ട്. ദേശീയപ്രാധാന്യമുള്ള വിഷയമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിലെ വിഷയം. അതിനാലാണ് ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം തേടിയത്. താന്‍ സെമിനാറില്‍ പങ്കെടുക്കണോയെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ.വി. തോമസ് പറഞ്ഞു. ബി.ജെ.പിയെ കോണ്‍ഗ്രസിന് തനിച്ച് നേരിടാനാകില്ല. ബി.ജെ.പിയെ നേരിടാന്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും ഡി.എം.കെയുടേയും എല്ലാം സഹായം വേണം. ദേശീയ തലത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒന്നിച്ചാണ് മുന്നോട്ടുപോകുന്നത്. സംസ്ഥാന സമ്മേളനത്തിനല്ല, പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് ക്ഷണിച്ചതെന്നും കെ.വി. തോമസ് പറഞ്ഞു.
അതേസമയം സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി സംസാരിക്കുമെന്ന് ഡോ. ശശി തരൂർ എം.പി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കും. ഇപ്പോള്‍ വിവാദത്തിനില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വാക്കുകളെ ബഹുമാനത്തോടെ കാണുന്നുവെന്നും തരൂർ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ സി.പി.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നേരത്തെ കെ. സുധാകരൻ നിർദ്ദേശം നൽകിയിരുന്നു, കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സോണിയാഗാന്ധി അനുവദിച്ചാല്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തോട്ടെ എന്നും കെ. സുധാകരന്‍ പറഞ്ഞു.