
ബംഗളൂരു: ഇന്ത്യ - ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഉപയോഗിച്ച ബംഗളൂരുവിലെ പിച്ച് ശരാശരി നിലവാരത്തിലും താഴെയെന്ന് മാച്ച് റഫറി ജവഗൽ ശ്രീനാഥിന്റെ റിപ്പോർട്ട്. മാച്ച് റഫറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മത്സരം നടന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് ഐ സി സിയുടെ പിച്ച് ആൻഡ് മോണിറ്ററിംഗ് പ്രോസസ് മുഖാന്തരം ഒരു ഡീമെറിറ്റ് പോയിന്റ് ലഭിക്കും. ഭാവിയിൽ ഈ വേദിയിൽ അനുവദിക്കാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.
മത്സരത്തിന്റെ ആദ്യ ദിവസം മുതൽ ചിന്നസ്വാമിയിലെ പിച്ച് സ്പിന്നർമാരെ അതിരുവിട്ട് പിന്തുണയ്ക്കുന്നുണ്ടായിരുന്നെന്നും തന്റെ അഭിപ്രായത്തിൽ ഒരു തുല്ല്യ പോരാട്ടമല്ല അവിടെ നടന്നതെന്നും ജവഗൽ ശ്രീനാഥിന്റെ റിപ്പോർട്ടിൽ പറയുന്നു. മാച്ച് റഫറിയുടെ റിപ്പോർട്ട് ബി സി സി ഐക്ക് അയച്ചിട്ടുണ്ടെന്നും തുടർ നടപടികൾ ഉണ്ടാകുമെന്നും ഐ സി സി വ്യക്തമാക്കി.
രണ്ടാം ടെസ്റ്റിൽ 238 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് ദിവസം കൊണ്ടാണ് ടെസ്റ്റ് അവസാനിപ്പിച്ചത്. ആദ്യ ടെസ്റ്റിലും വിജയിച്ചിരുന്ന ഇന്ത്യ രണ്ടാം ടെസ്റ്റിലെ ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര തൂത്തുവാരുകയായിരുന്നു.