പാറശ്ശാല: കുട്ടികളെ ധാർമ്മിക ബോധത്തോടെയും നിർഭയമായും ജീവിക്കാൻ പഠിപ്പിച്ച ഗുരുവായിരുന്നു 'കളരിയിൽ ധാർമ്മികം ആശ്രമം' മഠാധിപതി സ്വാമി ധർമ്മാനന്ദ സ്വരൂപ ഹനുമാൻ ദാസ്‌ജി. അതിനായി ആയോധനകല അഭ്യസിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ ഒഫ് മാർഷ്യൽ ആർട്ട്സ് സ്കൂൾ ആരംഭിച്ചു. കേരളത്തിലും വിദേശങ്ങളിലുമായി ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയാണ് സ്വാമിജി. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ്, കളരി മർമ്മ വിജ്ഞാനം, കളരി ചികിത്സ എന്നിവയിൽ അദ്വിതീയ സ്ഥാനമലങ്കരിച്ചിരുന്ന അദ്ദേഹം ഈ കലകളുടെ പ്രചാരണത്തിനായി ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ മഹനീയ സംഭാവനകൾ നൽകി. തിരുവനന്തപുരത്തെ പൊലീസ് ട്രെയിനിംഗ് കോളേജിൽ പൊലീസിന് വേണ്ടി ആയോധനകലാ പരിശീലകനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബി.ബി.സി, ഡിസ്കവറി തുടങ്ങിയ ചാനലുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടികളുടെ സംപ്രേഷണം കളരിപ്പയറ്റിനെ ലോക പ്രസിദ്ധമാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സിനിമാ താരങ്ങളും രാഷ്ട്രീയ പ്രമുഖരും സ്വാമിയുടെ ശിക്ഷ്യരാണ്. പരശുവയ്ക്കൽ കേന്ദ്രമാക്കി ' കളരിയിൽ ധാർമ്മികം ' എന്ന പേരിൽ ആശ്രമം സ്ഥാപിക്കുകയും ആത്മീയാന്തരീക്ഷത്തിൽ കളരി പരിശീലനം, മർമ്മ ചികിത്സ, ഗോപരിപാലനം, കൃഷി തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ കഴിയുകയുമായിരുന്നു. നിരവധി തവണ മികച്ച ക്ഷീര കർഷകനുള്ള അവാർഡും സ്വാമിയെ തേടിയെത്തിയിട്ടുണ്ട്. ആശ്രമ ജീവിതത്തിലൂടെ കൃഷിയുടെ പ്രാധാന്യം പുതിയ തലമുറയെ പഠിപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശ്രീരാമനാമ പ്രചാരകനായി ജീവിതത്തിലുടനീളം പ്രവർത്തിച്ചിരുന്ന അദ്ദേഹം ആശ്രമത്തിൽ രാമായണ പഠനത്തിനും പാരായണത്തിനുമാണ് ഏറെ സമയവും ചെലവഴിച്ചിരുന്നത്.
എം. എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, കെ. ആൻസലൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കരമന ജയൻ തുടങ്ങിയവർ അദ്ദേഹത്തിൻറെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള നൂറ് കണക്കിന് ശിഷ്യഗണങ്ങൾ അടങ്ങിയ വൻ ജനാവലി സംസ്‌കാര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.