
ഫറ്റോർഡ: മലയാളി താരം രാഹുൽ കെ പിയുടെ ഗോളിൽ ഹൈദരാബാദ് എഫ് സിക്കെതിരെ കേരള ബ്‌ളാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ. ഇരു ടീമുകളും ഗോൾ അടിക്കാതെ സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം, രണ്ടാം പകുതിയുടെ 68ാം മിനിട്ടിലാണ് രാഹുൽ ബ്‌ളാസ്റ്റേഴ്സിന് വേണ്ടി വല ചലിപ്പിക്കുന്നത്. മദ്ധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നോട്ട് കുതിച്ച രാഹുൽ 25 വാര അകലെ നിന്ന് നാല് ഹൈദരാബാദ് താരങ്ങളുടെ ഇടയിലൂടെ പന്ത് പായിക്കുകയായിരുന്നു.
77ാം മിനിട്ടിൽ പെനാൽട്ടി ബോക്സിന് തൊട്ടടുത്ത് വച്ച് ഹൈദരാബാദിന് ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും, ഒഗ്ബെച്ചെയുടെ ഷോട്ട് ബ്‌ളാസ്റ്റേഴ്സ് ഗോൾ കീപ്പർ ഗിൽ മികച്ചൊരു സേവിലൂടെ തട്ടിയകറ്റി.
ഹൈദരാബാദ് പ്രതിരോധത്തിൽ ഊന്നി കൗണ്ടർ അറ്റാക്കിംഗിൽ ശ്രദ്ധിച്ചപ്പോൾ ബ്‌ളാസ്റ്റേഴ്സ് തുടക്കം മുതൽ ഹൈ പ്രെസിംഗ് ഗെയിം ആണ് പരീക്ഷിച്ചത്. അതിൽ ഏറെക്കുറെ വിജയിച്ചെങ്കിലും ഫോർവേഡ് പാസിംഗിൽ വേണ്ടത്ര മികവ് പുലർത്താൻ സാധിക്കാത്തത് ആദ്യപകുതിയിൽ ബ്‌ളാസ്റ്റേഴ്സിനെ ബാധിച്ചു.
മത്സരത്തിന്റെ 39ാം മിനിട്ടിൽ വാസ്ക്വസിന്റെ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടിപുറത്തുപോയതും ഒന്നാം പകുതിയുടെ അധികസമയത്ത് ഹൈദരാബാദിന് ലഭിച്ച ഫ്രീകിക്കിൽ പകരക്കാരനായെത്തിയ സിവേരിയസിന്റെ ഗോൾ ശ്രമം ബ്‌ളാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭിസുഖൻ ഗിൽ തട്ടിയകറ്റിയതും മത്സരത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങളായി.
സഹലിന്റെ അഭാവത്തിലും ലൂണ, ഡയസ്, വാസ്ക്വസ് എന്നിവരടങ്ങിയ ബ്‌ളാസ്റ്റേഴ്സിന്റെ മുന്നേറ്റനിര തന്നെയായിരുന്നു കളിക്കളം നിയന്ത്രിച്ചിരുന്നത്. പ്രതിരോധത്തിലെ ചില പാകപ്പിഴവുകൾ മാറ്റിനിർത്തിയാൽ മത്സരത്തിൽ മികച്ചുനിന്നത്ത ബ്‌ളാസ്റ്റേഴ്സ് തന്നെയെന്ന് നിസംശയം പറയാൻ സാധിക്കും.