kerala-blasters

ഫറ്റോർഡ: ഐ എസ് എൽ ഫൈനലിൽ കേരളാ ബ്‌ളാസ്റ്റേഴ്സിനെതിരെ ഹൈദരാബാദ് എഫ് സിക്ക് എന്തെങ്കിലും പോരായ്മ ഉണ്ടായിരുന്നെങ്കിൽ പ്രവചിക്കാൻ സാധിക്കാത്ത അവരുടെ ഗോൾകീപ്പറിന്റെ പ്രകടനമായിരുന്നു. എന്നാൽ ഫൈനലിൽ ഏറ്റവും ആവശ്യമുള്ള അവസരത്തിൽ കട്ടിമാണി തന്റെ വിലയെന്തെന്ന് ആരാധകർക്ക് കാണിച്ചു കൊടുത്തു. പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ ഹൈദരാബാദിനും ബ്‌ളാസ്റ്റേഴ്സിനും ഇടയിൽ ഉണ്ടായിരുന്ന വ്യത്യാസം കട്ടിമാണിയുടെ പരിചയസമ്പത്തും ബ്‌ളാസ്റ്റേഴ്സ് ഗോൾകീപ്പറിർ ഗില്ലിന്റെ പരിചയമില്ലായ്മയും ആയിരുന്നു.

ഷൂട്ടൗട്ടിൽ ബ്ളാസ്റ്റേഴ്സിനെ 1 -1 (3 - 1)ന് തകർത്താണ് ഹൈദരാബാദ് കിരീടം ചൂടുന്നത്. ആയുഷ് അധികാരി എടുത്ത ഒരു കിക്ക് അല്ലാതെ ബ്‌ളാസ്റ്റേഴ്സ് നിരയിലെ ആർക്കും ഷൂട്ടൗട്ടിൽ കട്ടിമാണിയെ മറികടക്കാൻ സാധിച്ചില്ല. ലെസ്കോവിച്ച്, നിഷുകുമാർ, ജീക്ക്സൺ സിംഗ് എന്നിവരുടെ ഷോട്ടുകളാണ് കട്ടിമാണി സേവ് ചെയ്തത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിലും വിജയഗോൾ പിറക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്.

Halicharan seals the deal! ⚽🟡@HydFCOfficial are the #HEROISL 2021-22 CHAMPIONS! 🏆 #HFCKBFC #HeroISLFinal #FinalForTheFans #HeroISL #LetsFootball pic.twitter.com/4LjXfeXgIY

— Indian Super League (@IndSuperLeague) March 20, 2022

കേരള ബ്‌ളാസ്റ്റേഴ്സിന് വേണ്ടി രാഹുൽ കെ പി യാണ് മത്സരത്തിലെ ആദ്യ ഗോൾ നേടുന്നത്. 68ാം മിനിട്ടിലാണ് രാഹുൽ ബ്‌ളാസ്റ്റേഴ്സിന് വേണ്ടി വല ചലിപ്പിക്കുന്നത്. മദ്ധ്യനിരയിൽ നിന്ന് ലഭിച്ച പന്തുമായി മുന്നോട്ട് കുതിച്ച രാഹുൽ 25 വാര അകലെ നിന്ന് നാല് ഹൈദരാബാദ് താരങ്ങളുടെ ഇടയിലൂടെ പന്ത് പായിക്കുകയായിരുന്നു. എന്നാൽ 88ാം മിനിട്ടിൽ മികച്ചൊരു ലോംഗ് റേഞ്ചറിലൂടെ ടവോര ഹൈദരാബാദിന്റെ സമനില ഗോൾ സ്വന്തമാക്കി.

ഹൈദരാബാദ് പ്രതിരോധത്തിൽ ഊന്നി കൗണ്ടർ അറ്റാക്കിംഗിൽ ശ്രദ്ധിച്ചപ്പോൾ ബ്‌ളാസ്റ്റേഴ്സ് തുടക്കം മുതൽ ഹൈ പ്രെസിംഗ് ഗെയിം ആണ് പരീക്ഷിച്ചത്. അതിൽ ഏറെക്കുറെ വിജയിച്ചെങ്കിലും ഫോർവേഡ് പാസിംഗിൽ വേണ്ടത്ര മികവ് പുലർത്താൻ സാധിക്കാത്തത് ആദ്യപകുതിയിൽ ബ്‌ളാസ്റ്റേഴ്സിനെ ബാധിച്ചു.

മത്സരത്തിന്റെ 39ാം മിനിട്ടിൽ വാസ്ക്വസിന്റെ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടിപുറത്തുപോയതും ഒന്നാം പകുതിയുടെ അധികസമയത്ത് ഹൈദരാബാദിന് ലഭിച്ച ഫ്രീകിക്കിൽ പകരക്കാരനായെത്തിയ സിവേരിയസിന്റെ ഗോൾ ശ്രമം ബ്‌ളാസ്റ്റേഴ്സ് ഗോൾകീപ്പർ പ്രഭിസുഖൻ ഗിൽ തട്ടിയകറ്റിയതും മത്സരത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങളായിരുന്നു