dodo

ന്യൂയോർക്ക് : നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ഡോഡോ പക്ഷികളെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കാം. വംശനാശം സംഭവിച്ച ഡോഡോ വീണ്ടും ഭൂമിയിൽ പുനർജനിച്ചേക്കുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ശാസ്ത്രലോകം.! ആദ്യമായി ഡോഡോയുടെ ജീനോം ( ജനിതകഘടന ) പൂർണമായും ശ്രേണീകരിക്കാനായതാണ് ഇതിന് കാരണം.

വർഷങ്ങളായി ഡോഡോയുടെ കേടുപാട് സംഭവിക്കാത്ത ഡി.എൻ.എ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ശാസ്ത്രലോകം. എന്നാൽ, ഡെൻമാർക്കിൽ നിന്ന് ലഭിച്ച ഒരു ഫോസിലിൽ നിന്ന് ഡി.എൻ.എ സാമ്പിൾ കണ്ടെത്താനായതാണ് വഴിത്തിരിവായത്. അതേ സമയം, ഈ ഡി.എൻ.എയിലൂടെ ‌ഡോഡോയെ എളുപ്പം പുനഃസൃഷ്ടിക്കാനാകില്ല.

മൗറീഷ്യസ് ദ്വീപിൽ കണ്ടെത്തിയ ഡോഡോയ്ക്ക് 17ാം നൂറ്റാണ്ടിലാണ് വംശനാശം സംഭവിച്ചത്. 3 അടി ഉയരമുണ്ടായിരുന്ന ഡോഡോയ്ക്ക് പറക്കാനാകില്ലായിരുന്നു. ഇന്നത്തെ ടർക്കികോഴികളേക്കാൾ വലുതായിരുന്നു ഡോഡോ. ഏകദേശം 23 കിലോ ഭാരമുണ്ടായിരുന്നു. നീല - ചാര നിറത്തിലെ തൂവലുകളും വലിയ തലയുമുണ്ടായിരുന്നു. മഞ്ഞ നിറത്തിലെ ചെറിയ കാലുകളായിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ പര്യവേഷണങ്ങൾ നടത്തിയ നാവികർ മൗറീഷ്യസിലെത്തിയതോടെയാണ് ‌ഡോഡോയുടെ ജീവൻ അപകടത്തിലായത്. നാവികരുടെ വളർത്തുമൃഗങ്ങൾ ഡോഡോയെ ആഹാരമാക്കാൻ തുടങ്ങി. മനുഷ്യരുടെ വ്യാപക വേട്ടയാടലും ഡോഡോയെ തുടച്ചുനീക്കി. 1598ൽ ഡച്ച് നാവികരാണ് ഡോഡോയെ ആദ്യമായി കണ്ടെത്തിയത്. 1662ലാണ് ഈ പക്ഷിയെ അവസാനമായി കണ്ടത്.

കോപ്പൻഹേഗനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ജനിതക വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ യൂണിവേഴ്സിറ്റി ഒഫ് കാലിഫോർണിയയിലെ പ്രൊഫസർ ബെത് ഷാപിറോ പറഞ്ഞു.

ഡോഡോ ഡി.എൻ.എ അടങ്ങിയ കോശത്തെ ലബോറട്ടറി അന്തരീക്ഷത്തിൽ ജീൻ എഡിറ്റിംഗിന് വിധേയമാക്കാം. എങ്ങനെയാണ് ആ കോശത്തിൽ നിന്ന് ഒരു ജീവിയെ സൃഷ്ടിക്കുക ? വർഷങ്ങൾക്ക് മുമ്പ് ഡോളി എന്ന ചെമ്മരിയാടിനെ ( ലോകത്ത് ക്ലോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി ) സൃഷ്ടിച്ച പോലെ ക്ലോണിംഗ് പ്രക്രിയ നടത്താം. എന്നാൽ, പക്ഷികളിൽ ഇതെങ്ങനെ പ്രാവർത്തികമാക്കാമെന്ന് തങ്ങൾക്കറിയില്ലെന്ന് ബെത് പറഞ്ഞു. അതിനാൽ അത്തരം സാദ്ധ്യതകൾക്ക് അവലംബിക്കേണ്ട മറ്റ് രീതികളെ സംബന്ധിച്ച ഗവേഷണങ്ങൾ നടക്കേണ്ടതുണ്ടെന്നും ബെത് കൂട്ടിച്ചേർത്തു.

ജനിതകപരമായി ഇന്നത്തെ നിക്കോബാർ പ്രാവുകളുമായാണ് ഡോഡോയ്ക്ക് സാമ്യം. ഡോഡോ പക്ഷികളെ തിരികെയെത്തിക്കാൻ നിക്കോബാർ പ്രാവുകളുടെ ഡിഎൻഎ എഡിറ്റ് ചെയ്ത് ഡോഡോ ഡിഎൻഎ ഉൾപ്പെടുത്താനാകുമോ എന്ന സാദ്ധ്യതകളും ചർച്ചചെയ്യപ്പെടുന്നുണ്ട്. അതേ സമയം, ഇത്തരം രീതികളിലൂടെ പുനഃസൃഷ്ടിച്ചാലും യഥാർത്ഥ ഡോഡോയിൽ നിന്ന് അവ വ്യത്യസ്തമായിരിക്കും.

ജീൻ എഡിറ്റിംഗിലൂടെ ആനകളുടെ സഹായത്തോടെ, പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമഖത്ത് നിന്ന് മൺമറഞ്ഞ വൂളി മാമത്തുകളെ പുനഃസൃഷ്ടിക്കാനുള്ള പദ്ധതി ഒരുകൂട്ടം യു.എസ് ഗവേഷകർ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.

വരുന്ന ആറ് വർഷത്തിനുള്ളിൽ ആർട്ടിക്കിലെ ഹിമപ്രദേശത്തേക്ക് മാമത്തിന്റെ ഡി.എൻ.എ ഉപയോഗിച്ച് - 40 ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയെ ആസ്വദിക്കാൻ കഴിയുന്ന ആനയുടെയും മാമത്തിന്റെയും ഒരു ഹൈബ്രിഡ് ഇനത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കാഴ്ചയിലും സ്വഭാവത്തിലും മാമത്തുകളെ പോലെയായിരിക്കുമെങ്കിലും ഇവ യഥാർത്ഥ മാമത്തുകളാകില്ലെന്നും ഗവേഷകർ ചൂണ്ടിക്കാട്ടിയിരുന്നു.