
ന്യൂഡൽഹി: ഇന്ത്യയിലെ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഇലക്ട്രിക്ക് കാർ വിപണിയിൽ നിക്ഷേപിക്കാൻ തയ്യാറെടുത്ത് മാരുതി സുസുക്കിയും. ഇതിനു വേണ്ടി ഗുജറാത്തിൽ പുതിയ ഫാക്ടറി നിർമിക്കാനുള്ള പദ്ധതിയിലാണ് മാരുതിയുടെ മാതൃ സ്ഥാപനമായ സുസുക്കി. ഈ ഫാക്ടറി ഉൾപ്പെടെ 9569.27 കോടി രൂപയുടെ നിക്ഷേപമാണ് മാരുതി സുസുക്കി ഇലക്ട്രിക്ക് കാറുകളുടെയും അവയുടെ ബാറ്ററിയുടെയും നിർമാണത്തിന് വേണ്ടി ഇന്ത്യയിൽ നിക്ഷേപിക്കുന്നത്.
ഇന്ത്യയിൽ ഇലക്ട്രിക്ക് കാറുകൾക്ക് വർദ്ധിച്ചു വരുന്ന ഡിമാൻഡ‌് കണക്കിലെടുത്താണ് മാരുതി ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. നേരത്തെ ഉടനടി ഇലക്‌ട്രിക്ക് കാറുകൾ നിർമിക്കേണ്ട ആവശ്യമില്ലെന്നും ഹൈബ്രിഡ് കാറുകളുടെ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്ന നിലപാടിലുമായിരുന്നു മാരുതി ഇതുവരെ. എന്നാൽ രാജ്യത്ത് ഇലക്ട്രിക്ക് കാറുകളുടെ ആവശ്യക്കാർ കൂടിയിട്ടുണ്ടെന്നാണ് മാരുതിയുടെ നിഗമനം.
ഇലക്ട്രിക്ക് കാറുകൾക്ക് പുറമേ ഹൈബ്രിഡ് വാഹനങ്ങളുടെ ഗവേഷണത്തിനും നിർമാണത്തിനും വേണ്ടി സുസുക്കി അധിക തുക ചെലവാക്കാൻ തീരുമാനിച്ചിട്ടുണ്ട്.