kk

മോസ്‌കോ: യുക്രെയിനെതിരെ പോരാടാൻ റഷ്യയ്ക്ക് വേണ്ടി മുന്നോട്ടുവന്ന് സിറിയൻ സൈന്യം. പുടിനു വേണ്ടി സിറിയൻ യുദ്ധസമയത്ത് നേടിയെടുത്ത പരിശീലന മുറകളും വൈദഗ്ദ്ധ്യവും ഉപയോഗിക്കാൻ തയ്യാറാണെന്ന് എൻ.ഡി.എഫ് കമാൻഡറായ നബീൽ അബ്ദുല്ല പറഞ്ഞു. എന്നാൽ യുക്രെയിനിലേക്ക് പോകാൻ തങ്ങൾക്ക് നിർദേശം ലഭിച്ചിട്ടില്ലെന്നും കമാൻഡർമാർ വ്യക്തമാക്കി.' സിറിയൻ-റഷ്യൻ നേതൃത്വങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചാൽ യുദ്ധരംഗത്തിറങ്ങുമെന്ന് നബീൽ അബ്ദുല്ല കൂട്ടിച്ചേർത്തു.

അതേസമയം ഇക്കാര്യത്തിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തത നൽകിയിട്ടില്ല.മദ്ധ്യേഷ്യയിൽ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് സിറിയ. 2015 ലെ സിറിയൻ യുദ്ധത്തിൽ റഷ്യയുടെ ഇടപെടൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വിമത സേനയെ പരാജയപ്പെടുത്താൻ സഹായിച്ചിരുന്നു. യുക്രെയിൻ യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ സിറിയയിൽ നിന്നും നിരവധിയാളുകളെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ യുക്രെയിനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ. മരിയൂപോളിലെ അഭയാർത്ഥി കേന്ദ്രത്തിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രൈൻ അറിയിച്ചു. നാന്നൂറോളം പേർക്ക് അഭയം നൽകിയിരുന്ന മാരിയോപോളിലെ സ്‌കൂളിനു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. റഷ്യൻ ആക്രമണത്തിൽ സ്‌കൂൾ കെട്ടിടം പൂർണമായും തകർന്നിട്ടുണ്ട്.