
വേട്ടക്കാരനും ഇരയും എല്ലാ കാലത്തും ജീവിതത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ വേട്ടക്കാരൻ നാളെ ഇരയായി മാറിയേക്കാം. കൂടെയുള്ളവർ തന്നെ ആ ഇരയെ ശിക്ഷിക്കുന്ന വേട്ടക്കാരായേക്കാം. അവർ അറിഞ്ഞു കൊണ്ടല്ലെങ്കിലും ഭരണകൂടത്തിന്റെ പാവനാടകത്തിലെ കഥാപാത്രങ്ങളായി മാറ്റപ്പെടുന്നു. 26ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ക്യാപ്ടൻ വോൾക്കോനോഗോവ് എസ്കേപ്ഡ് എന്ന റഷ്യൻ ചിത്രം സംസാരിക്കുന്നതും അത്തരം ഒരു കഥയാണ്. നടാഷ മെർക്കുലോവയും അലക്സെ ചുപോവും ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം 1930കളിലെ സ്റ്റാലിൻ ഭരണകാലത്തെ സോവിയറ്റ് യൂണിയന്റെ ചിത്രമാണ് വരച്ചുകാണിക്കുന്നത്.
സോവിയറ്റ് യൂണിയനിലെ നാഷണൽ സെക്യൂരിറ്റി സർവീസിലെ അംഗമായ ക്യാപ്ടൻ വോൾക്കോനോഗോവ് സാധാരണക്കാരായ ജനങ്ങളെ ചാരൻമാരായും രാജ്യദ്രോഹികളായും മുദ്രകുത്തി , അവരെ കുറ്റസമ്മതം നടത്തിപ്പിക്കാൻ ക്രൂരമായ ചോദ്യം ചെയ്യലിനും പീഡനത്തിനും വിധേയമാക്കിയിരുന്ന ഉദ്യോഗസ്ഥനാണ്. ഒരു ദിവസം തന്റെ നസഹപ്രവർത്തകരും അധികാരികളുടെ മുന്നിൽ സംശയാസ്പദമായി ചോദ്യം ചെയ്യലിന് വിധേയരാക്കപ്പെടുന്നു. അടുത്ത ഊഴം തന്റേതാണെന്ന് മനസിലാക്കുന്ന ക്യാപ്ടൻ അവിടെ നിന്നും രക്ഷപ്പെടുന്നു. ക്യാപ്ടന്റെ രക്ഷപ്പെടലോടെ അദ്ദേഹത്തിന്റെ സുഹൃത്ത് ഉൾപ്പെടെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയരായി കൊല്ലപ്പെടുകയാണ്.

തെരുവിൽ മറ്റാരാലും അറിയപ്പെടാതെ ഒളിച്ചുകഴിഞ്ഞിരുന്ന ക്യാപ്ടനു തന്നെ കൊല്ലപ്പെട്ടവ തന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടേണ്ടി വരുന്നു. അവിടെ നിന്നാണ് താൻ ചെയ്ത പാപത്തിന് പശ്ചാത്താപം ചെയ്യേണ്ടതിനെ കുറിച്ച് മരിച്ചുപോയ സുഹൃത്തിന്റെ രൂപത്തിൽ അദ്ദേഹത്തിന് ഉപദേശം ലഭിക്കുന്നത്. താൻ കാരണം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽ ഒരാളെങ്കിലും തന്നോട് ക്ഷമിച്ചെന്ന് പറഞ്ഞെങ്കിൽ മാത്രമേ മരണത്തിന് ശേഷം സ്വർഗത്തിൽ പോകാൻ കഴിയൂ എന്ന വെളിപാടിന്റെ പശ്ചാത്തലത്തിൽ ആ ലക്ഷ്യത്തിന് വേണ്ടിയുള്ള ശ്രമത്തിലാണ് ക്യാപ്ടന്റെ അവശേഷിക്കുന്ന മണിക്കൂറുകൾ. ചെയ്തു കൂട്ടിയ ക്രൂരതകൾ ഓർത്തെടുക്കുന്ന ക്യാപ്റ്റൻ തങ്ങളാൽ കൊല ചെയ്യപ്പെട്ടവരുടെ ഉറ്റവരെ കണ്ടെത്താനും അവരോട് പശ്ചാത്തപിക്കാനും ഇറങ്ങി പുറപ്പെടുന്നു. എന്നാൽ പാർട്ടിയും സർക്കാരും പറയുന്നത് മാത്രം വിശ്വസിക്കുന്ന (അതോ വിശ്വാസം അടിച്ചേൽപ്പിക്കുന്ന ) അവർ ക്യാപ്ടനെ വിശ്വസിക്കുന്നില്ല. പകരം ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ പിടിച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത്.
ഇരയാക്കപ്പെട്ട യുവാവിന്റെ മകളായ പെൺകുട്ടി പോലും പറയുന്നത് നിങ്ങൾക്കൊരിക്കലും മാപ്പ് ലഭിക്കില്ല എന്നാണ്. ക്യാപ്ടനെ വിടാതെ പിന്തുടരുന്ന മേജറും സംഘവും അദ്ദേഹത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കാതിരിക്കാൻ സകല ശ്രമങ്ങളും നടത്തുന്നുണ്ട്, ഒടുവിൽ ക്യാപ്ടന്റെ ലക്ഷ്യം പൂർത്തിയാകുമോ എന്നതാണ് ക്യാപ്ടൻ വോൾക്കോനോഗോവ് എസ്കേപ്ഡ് പറയുന്നത്.

യൂറി ബോറസോവ് ആണ് ക്യാപ്റ്റൻ വോൾക്കോനോഗോവ് ആയി വേഷമിടുന്നത്. പരുക്കനായ ഓഫീസറിൽ നിന്ന് മരണ ഭയമുള്ള വോൾക്കോനോഗോവിലേക്കുള്ള യൂറിയുടെ പരകായപ്രവേശമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്.
സമകാലീന സാഹചര്യങ്ങളിലും പ്രസക്തമായ ചില ചോദ്യങ്ങൾ ചാട്ടുളി പോലെ പ്രേക്ഷകരിലേക്ക് കൊളുത്തിവലിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു ഉദ്യോഗസ്ഥൻ പറയുന്നുണ്ട് അവർ ഇപ്പോൾ നിരപരാധികളാണ്, പക്ഷേ പിന്നീട് അവർ കുറ്റക്കാരാകും,അല്ലെങ്കിൽ കുറ്റക്കാരാക്കപ്പെടും . ഭരണകൂടത്താൽ കുറ്റക്കാരാക്കപ്പെട്ടവർ ആരാരുമറിയാതെ ഓർമ്മകളുടെ കുഴിമാടങ്ങളിൽ മറയ്ക്കപ്പെടുകയാമെന്ന യാഥാർത്ഥ്യം ചിത്രം മുന്നോട്ടുവയ്ക്കുന്നു.
ക്യാപ്റ്റൻ വോൾക്കോഗോനോവ് രക്ഷപ്പെട്ടു" എന്ന് പറയുമ്പോൾ അതിനെ ഒരു മനുഷ്യന്റെ അഹങ്കാരത്തിലും അപകർഷതയിലും നിന്ന് വിനയത്തിലേക്കും മനുഷ്യത്വത്തിലേക്കും; കുറ്റബോധത്തിൽ നിന്ന്, പശ്ചാത്താപത്തിലേക്കും കരുണയുടെ വഴിയിലേക്കുമുള്ള രക്ഷപ്പെടലായി കൂടി വായിക്കേണ്ടതുണ്ട്.