
തിരുവനന്തപുരം: കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തർ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്ക് റിട്ടേണിംഗ് ഓഫീസറായ നിയമസഭാ സെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കുക.
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയ നേതാക്കൾക്കൊപ്പം എത്തിയാകും ജെബി പത്രിക നൽകുക. അതേസമയം, ജെബിക്ക് പൂർണ പിന്തുണ നൽകുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഘടകകക്ഷികൾ തീരുമാനത്തെ അംഗീകരിക്കണം. സോഷ്യൽ മീഡിയയിലെ ചേരിതിരിഞ്ഞുള്ള പഴി ചാരൽ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ജെബിക്കൊപ്പം യുഡിഎഫ് കൺവീനർ എംഎം ഹസൻ, കെപിസിസി എക്സിക്യൂട്ടീവ് അംഗം എം ലിജു എന്നിവരുടെ പേരും കെപിസിസി നേതൃത്വം സമർപ്പിച്ചിരുന്നു. ഈ മൂന്ന് പേരുടെ പാനലിൽ നിന്നാണ് ഹൈക്കമാൻഡ് ജെബിയെ തിരഞ്ഞെടുത്തത്. 1980ന് ശേഷം കേരളത്തിൽ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ആദ്യ വനിതയാകും ജെബി മേത്തർ.