srilanka-crisis

കൊളംബോ: പെട്രോളിനും മണ്ണെണ്ണയ്ക്കുമായി ക്യൂവിൽ നിന്ന രണ്ട് പേർ കുഴഞ്ഞുവീണ് മരിച്ചു. എഴുപത്തിയൊന്നുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും എഴുപത്തിരണ്ടു വയസുള്ളയാളുമാണ് മരിച്ചത്. എഴുപത്തിയൊന്നുകാരന് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നു. നാല് മണിക്കൂറോളമാണ് വയോധികർ ക്യൂവിൽ നിന്നത്.


പാചകവാതക വില ഇനിയും ഉയരുമെന്ന ആശങ്കമൂലം ആളുകൾ മണ്ണെണ്ണ കൂടുതലായി വാങ്ങിത്തുടങ്ങി. പാചകവാതക സിലിണ്ടറിന് 1359 രൂപയാണ് (372 ഇന്ത്യൻ രൂപ) കൂട്ടിയത്. അഞ്ച് മണിക്കൂറോളമാണ് ഇവിടെ പവർകട്ട്. ഇതുമൂലം ഡീസൽ ജനറേറ്ററുകളുടെ ഉപയോഗം കൂടിയതും പ്രശ്നമായി.

ഭക്ഷ്യവസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നു. 25.7 ശതമാനമാണ് വിലക്കയറ്റം. ഏഷ്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം ശ്രീലങ്കൻ രൂപയുടെ മൂല്യം 30% കുറഞ്ഞു. ഡോളറിന് 275 രൂപ നൽകണം. 400 ഗ്രാം പാൽപ്പൊടിക്ക് 250 രൂപയാണ് വിലയാണ് (ഇന്ത്യയിലെ 68 രൂപ) ഇതോടെ ഹോട്ടലുകളിൽ ഒരു കപ്പ് ചായയ്ക്ക് 100 രൂപയായി(27 ഇന്ത്യൻ രൂപ).