security

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേള ആരംഭിച്ച് കഴിഞ്ഞാൽ പിന്നെ തലസ്ഥാനനഗരി തിരക്കിലാണ്. ഒരു തിയേറ്ററിൽ നിന്ന് മറ്റൊരിടത്തേയ്ക്ക് ഡെലിഗേറ്റുകളുടെ ഓട്ടമാണ്. ഇതിനിടയിൽ ഡെലിഗേറ്റുൾപ്പടെയുള്ളവർക്ക് ആവശ്യമുള്ള സേവനവും നി‌ർദ്ദേശങ്ങളും നൽകി ക്ഷമയോടെ നിൽക്കുന്ന ഒരു കൂട്ടരുണ്ട്, ഐഎഫ്എഫ്കെയുടെ വിജയകരമായ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിക്കുന്ന സെക്യൂരിറ്റി ഗാർഡുകൾ.

ഐഎഫ്എഫ്കെ ചലച്ചിത്രപ്രേമികൾക്ക് ആവേശത്തിന്റെയും ആഘോഷത്തിന്റെയും ആസ്വാദനത്തിന്റെയും വേദിയാണെങ്കിൽ ഈ സെക്യൂരിറ്റി ഗാർഡുകൾക്ക് ഐഎഫ്എഫ്കെ, മോഹങ്ങളുടെയും ഉപജീവനത്തിന്റെയും ഇടമാണ്. പല വിഭാഗങ്ങളിലായി നിരവധി ഗാർഡുകൾ ജോലി ചെയ്യുന്നുണ്ട്. കരാറുകാരും ദിവസവേതനക്കാരും തിയേറ്ററുകളിലെ സ്ഥിരം സുരക്ഷാജീവനക്കാരും ഉൾപ്പടെയുള്ളവരാണിവർ.

security

ചലച്ചിത്ര മേളയിലെ വിവിധ തിയേറ്ററുകളിലായി രാവിലെ 9 മുതൽ രാത്രി 9 വരെ ജോലിയെടുക്കുന്ന, നാല് വനിതാ ജീവനക്കാരുൾപ്പടെയുള്ള ഏഴോളം സെക്യൂരിറ്റി ഗാർഡുകളുള്ള ഒരു സംഘമുണ്ട്. ഇതിൽ പ്രധാന വേദിയായ ടാഗോറിൽ ഒരു വനിതാ സെക്യൂരിറ്റി ഗാർഡാണുള്ളത്. ടാഗോറിലെ കാര്യങ്ങളെല്ലാം ഓടി നടന്ന് ചെയ്യുന്ന സതി എന്ന വനിതാ സെക്യൂരിറ്റി ഗാർഡ്. ചലച്ചിത്ര മേളയെപ്പറ്റി ഈ ചേച്ചിയ്ക്കും പറയാനുണ്ട്, ഒരുപാട് വിശേഷങ്ങൾ.

സിനിമയെ ഒരുപാട് സ്നേഹിക്കുന്നയാളാണ് സതി. സിനിമയില്ലെങ്കിൽ ഞങ്ങൾക്കൊരു ജീവിതമില്ലെന്നാണ് ഇവർ പറയുന്നത്. പതിനഞ്ചോളം വർഷമായി ഇവർ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നു. സിനിമയിലെ സെക്യൂരിറ്റി ഗാർഡുകളെ നിയന്ത്രിച്ചിരുന്ന ദാസ് മാറാനല്ലൂരിന്റെ സംഘത്തിൽപ്പെട്ടവരാണ് സതി ഉൾപ്പടെയുള്ള സെക്യൂരിറ്റി ഗാർഡുകൾ. 60 ഓളം സെക്യൂരിറ്റി ഗാർഡുകൾ ദാസ് മാറാനല്ലൂരിന്റെ ഈ സംഘത്തിലുണ്ട്.

security

ഒന്നര വർഷം മുന്നെ ദാസേട്ടൻ എന്ന് ഇവർ വിളിയ്ക്കുന്ന ദാസ് മാറാനല്ലൂർ മരണത്തിന് കീഴടങ്ങി. സിനിമയിലെ പ്രശസ്തനായ ബോഡിഗാർഡായിരുന്നു ദാസ് മാറാനല്ലൂർ. അത്രയും നാൾ ഒരുപാട് വർക്കുകൾ കിട്ടിക്കൊണ്ടിരുന്ന ഇവർക്ക് ദാസിന്റെ മരണത്തോടെ വർക്കുകൾ ഒന്നും കിട്ടാതെയായി. ഇതിനിടയിൽ കൂലിപ്പണിയായിരുന്നു പലരുടെയും ഉപജീവനമാ‌ർഗം.

ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇവ‌ർക്ക് ഇത്തവണത്തെ ചലച്ചിത്ര മേളയിലൂടെ കാത്തിരുന്ന ആ വിളി വരുന്നത്. ദാസേട്ടനില്ലാത്തതിന്റെ കുറവ് ഇപ്പോൾ ശരിയ്ക്കും അറിയുന്നുണ്ടെന്ന് സതി പറയുന്നു. ഞങ്ങളുടെ ജീവിതത്തിലെ പട്ടിണി മാറ്റിയത് ദാസേട്ടനാണ്. അദ്ദേഹത്തെ ജീവിത്തിൽ ഒരിയ്ക്കലും മറക്കാനാകില്ലെന്ന് സതി ഓ‌ർത്തു. തിയേറ്ററിൽ ഡ്യൂട്ടി ചെയ്യുമ്പോൾ സിനിമ കാണാനാകുന്നതൊരു ആശ്വാസമാണ്. പുതിയ തലമുറ തന്നെയാണ് ഐഎഫ്എഫ്കെയുടെ ജീവശ്വാസം. സിനിമ വളരുന്നതിലൂടെ തങ്ങളുടെയൊക്കെ ജീവിതം രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് സതിയും കൂട്ടരും.

das-and-team