ksrtc

ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽ നിന്നിറങ്ങവേ മുന്നോട്ടെടുത്ത മറ്റൊരു ബസിനടിയിലേക്ക് വീണ് മദ്ധ്യവയസ്‌ക്കന് ദാരുണാന്ത്യം. ചങ്ങനാശേരി ചെത്തിപ്പുഴ മുട്ടത്തുപടി പുത്തൻപറമ്പിൽ ടോണി തോമസ് (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റിൽ ചങ്ങനാശേരി സ്റ്റാൻഡിൽ വന്നിറങ്ങവേയാണ് അപകടമുണ്ടായത്.
സ്റ്റാൻഡിൽ നിറുത്തിയ ബസിൽ നിന്ന് ഇറങ്ങവേ, തൊട്ടുപിറകിലുണ്ടായിരുന്ന യാത്രികന്റെ ബാഗിൽ കൈ ഉടക്കുകയും ബാലൻസ് തെറ്റി തൊട്ടപ്പുറത്ത് മുന്നോട്ട് എടുക്കുകയായിരുന്ന മറ്റൊരു സൂപ്പർ ഫാസ്റ്റ് ബസിന്റെ അടിയിലേക്ക് വീഴുകയുമായിരുന്നു. തല മുതൽ നെഞ്ചുവരെയുള്ള ഭാഗം പിൻചക്രം കയറിയിറങ്ങി ചതഞ്ഞരഞ്ഞുപോയി.

ആംബുലൻസ് എത്തിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പഴ്‌സിൽ നിന്നു ലഭിച്ച ലൈസൻസിൽ നിന്നാണ് മരിച്ചത് ടോണിയാണെന്ന് തിരിച്ചറിഞ്ഞത്. വർഷങ്ങളായി ചങ്ങനാശേരിയിൽ എവർഗ്രീൻ എന്ന ഡെക്കറേഷൻ സ്ഥാപനം നടത്തിവരികയായിരുന്നു. ഭാര്യ: റാണി ടോണി. മക്കൾ: റൂണ ട്രീസ ടോണി, ട്രിജോ ടോം ടോണി (ഇരുവരും ദുബായ്).