meat

പുരുഷന്മാരിൽ വന്ധ്യതയ്ക്ക് പ്രധാന കാരണം ജീവിതശൈലിയാണെന്ന് പറയുന്നുണ്ടെങ്കിലും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് ഇപ്പോഴും പല‌ർക്കും അറിയില്ല. ആരോഗ്യപ്രദമായ ഭക്ഷണം, വ്യായാമം എന്നിവയെല്ലാം പിന്തുടരുന്നെങ്കിലും പലർക്കും അതിന്റെ ഫലം ലഭിക്കാറില്ല. എന്നാൽ ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ പോര. ആരോഗ്യപ്രദമായ ഭക്ഷണത്തിന് പോലും നിങ്ങളെ ഒരു രോഗിയാക്കാൻ കഴിയും. ഒരു കുഞ്ഞിനായി തയാറെടുക്കുന്നവരാണ് നിങ്ങളെങ്കിൽ ഭക്ഷണം കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടെ ഒന്ന് ശ്രദ്ധിക്കൂ.

വോർസെസ്റ്റർ സർവകലാശാലയിൽ നടത്തിയ പഠനം അനുസരിച്ച് പ്രോട്ടീന്റെ അളവ് കൂടുതലുള്ല ഭക്ഷണം കഴിക്കുന്നത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവ് 37ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി. ടെസ്റ്റോസ്റ്റിറോൺ കുറയുന്നത് ഹൈപ്പോഗൊനാഡിസത്തിലേയ്ക്ക് നയിക്കുന്നു. പ്രമുഖ ഗവേഷകനും പോഷകാഹാര വിദഗ്ദ്ധനുമായ ജോ വിറ്റേഴ്സ് പറയുന്നതനുസരിച്ച് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് പുരുഷന്മാരിൽ ബീജോൽപാദനം കുറയുന്നതിനും ഇതിലൂടെ വന്ധ്യതയ്ക്കും കാരണമാകുന്നു. കൂടാതെ ഹൃദ്രോഗം, പ്രമേഹം, അൽഷിമേഴ്സ് തുടങ്ങി പല പ്രധാന രോഗങ്ങളിലേയ്ക്കും നിങ്ങളെ നയിക്കും. 'പ്രോട്ടീൻ വിഷബാധ' എന്നാണ് ന്യൂട്രീഷൻ ആന്റ് ഹെൽത്ത് എന്ന പ്രസിദ്ധീകരണത്തിൽ ഇതിനെ പറഞ്ഞിരിക്കുന്നത്.

ലക്ഷണങ്ങൾ

ഓക്കാനം, വയറിളക്കം തുടങ്ങിയവയാണ് ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ. ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷമാകും മറ്റ് പ്രധാന ലക്ഷണങ്ങൾ പ്രകടമാകുന്നത്.

309 പുരുഷന്മാരിൽ നടത്തിയ 27 പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ല മാംസം, മത്സ്യം, മുട്ട, പാലുൽപ്പന്നങ്ങൾ, ബീൻസ്, പയർവർഗങ്ങൾ തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നവരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നു എന്ന് കണ്ടെത്തി. ബോ‌ഡി ബിൽഡർമാരും മസിൽ വരാനായി കൂടുതൽ പ്രോട്ടീൻ കഴിക്കുന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. രണ്ടാഴ്ചയിൽ കൂടുതൽ ഇത്തരത്തിൽ പ്രോട്ടീൻ കഴിക്കുന്നത് ശരീരത്തിൽ നിരവധി ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.

ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ 30ശതമാനമോ അതിൽ കുറവോ മാത്രം പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൂടാതെ മദ്യപാനം, പുകവലി എന്നീ ശീലങ്ങളുണ്ടെങ്കിൽ അത് അവസാനിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ വ്യായാമം ചെയ്യുകയും വേണം. അമിതമായി മധുരം അടങ്ങിയിട്ടുള്ല ഭക്ഷണങ്ങളും ഒഴിവാക്കുക. വിദഗ്ദ്ധർ പറയുന്നതനുസരിച്ച് മുതിർന്നവരിൽ ശരീരഭാരത്തിനനുസരിച്ചാണ് പ്രോട്ടീൻ കഴിക്കേണ്ടത്. ഒരു കിലോയ്ക്ക് 0.75ഗ്രാം പ്രോട്ടീൻ എന്നതാണ് കണക്ക്. പുരുഷന്മാരിൽ 45ഗ്രാമും സ്ത്രീകളിൽ 45ഗ്രാമും ആണ് ശരാശരി പ്രോട്ടീൻ കണക്ക്.