
ലക്നൗ: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഇരുപത്തിയേഴുകാരി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ നിധിയാണ് അറസ്റ്റിലായത്. സാഗർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിധി.
2015 ഏപ്രിലായിരുന്നു കേസിനാസ്പദമായ സംഭവം. നിധിയും ഭർത്താവ് രാഹുലും അടക്കം ഒൻപത് പേർ ചേർന്ന് സാഗറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കേസിൽ യുവതി കുറ്റക്കാരിയാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.
സഹോദരി ആരതിയും സാഗറും തമ്മിലുള്ള ബന്ധം നിധി എതിർത്തിരുന്നു. ആരതിയുടെ വിവാഹ ശേഷവും ഇരുവരും തമ്മിലുള്ള സൗഹൃദം തുടർന്നു. സാഗർ അവളെ ഇടയ്ക്കിടെ കാണുകയും ബന്ധം തുടരുകയും ചെയ്യുന്നത് നിധിയും രാഹുലും വിലക്കിയിരുന്നു. ഇത് അനുസരിക്കാതായതോടെ കൊലപ്പെടുത്തുകയായിരുന്നു.
കേസിൽ യുവതി കുറ്റക്കാരിയാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ 2018ൽ നിധിക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ സമയത്താണ് യുവതി ഒളിവിൽ പോയത്. കഴിഞ്ഞ നാല് വർഷങ്ങളായി ഇവർക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. കഴിഞ്ഞ ശനിയാഴ്ച ഗാസിയാബാദിലെ ഗോവിന്ദപുരത്തുള്ള ഒരു കഫേയിൽ നിന്നാണ് യുവതിയെ പിടികൂടിയതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജംസീത് സിംഗ് അറിയിച്ചു.