
ന്യൂഡൽഹി: സിൽവർ ലൈനിലെ കല്ലിടലുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അതിക്രമം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ്. ഇത് സംബന്ധിച്ച് കെ മുരളീധരൻ എം പി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
കല്ലിടുന്നതിനായി പൊലീസ് ജനങ്ങളെ ആക്രമിക്കുന്നത് ചർച്ച ചെയ്യണമെന്നും പ്രശ്നങ്ങൾ ക്രമസമാധാന തകർച്ചയിലേക്ക് നീങ്ങുകയാണെന്നും കെമുരളീധരൻ വ്യക്തമാക്കി. ഇന്ത്യൻ റെയിൽവേയുടെയും കേരളസർക്കാരിന്റെയും സംയുക്ത സംരംഭം എന്ന നിലയിലാണ് സിൽവർ ലൈനിനെ വിശേഷിപ്പിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ കേന്ദ്രസർക്കാരിനാവില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.
അതേസമയം, കല്ല് പിഴുതെറിയൽ സമരം കൂടുതൽ ശക്തമാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടത്തും. നേതാക്കളെ അണിനിരത്തി സമരം കടുപ്പിക്കാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് സെക്രട്ടറിയേറ്റിനുമുന്നിൽ നടക്കും. എന്നാൽ കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരക്കാർക്കെതിരെ പൊലീസ് കേസെടുക്കും. പിന്നീട് പിഴ അടക്കം ഈടാക്കുകയും ചെയ്യും.