
മുംബയ്: പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനി വീട്ടിൽ തിരിച്ചെത്തിയത് പിറ്റേന്ന്. വീട്ടുകാരോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പെൺകുട്ടി അറിയിച്ചു. ഇരുപത്തിയൊന്നുകാരനെയാണ് താൻ വിവാഹം കഴിച്ചതെന്നും പതിനഞ്ചുകാരി പറഞ്ഞു. വരനെ കാലാചൗക്കി പൊലീസ് അറസ്റ്റ് ചെയ്തു.
പരീക്ഷയ്ക്ക് പോയ പെൺകുട്ടി തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പിറ്റേന്ന് രാവിലെയാണ് പെൺകുട്ടി തിരിച്ചെത്തിയത്. ഷിർഡിൽവച്ചു താനും യുവാവും വിവാഹിതരായെന്ന് അറിയിച്ചു. ഇതിനുപിന്നാലെയാണ് ഇരുപത്തിയൊന്നുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയും ഇരുപത്തിയൊന്നുകാരനും നേരത്തെ അടുപ്പത്തിലായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വിവാഹം നടത്താൻ സഹായിച്ചവരെ തിരയുകയാണെന്നും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.