
ലക്നൗ: ബി ജെ പിക്ക് തുടർ ഭരണം ലഭിച്ച ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, ബിജെപി ദേശീയ, സംസ്ഥാന നേതാക്കൾ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാർ എന്നിവരങ്ങുന്ന വന്‍ നിര പങ്കെടുക്കും. ദി കാശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി, ബോളിവുഡ് താരം കങ്കണ തുടങ്ങിയവരും ചടങ്ങിനെത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ന് വൈകിട്ട് ലക്നൗവിലെ ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.
രണ്ടാംവട്ടവും സംസ്ഥാനത്ത് ബി ജെ പിയുടെ മിന്നും ജയത്തിന് വഴിയൊരുക്കിയ യോഗിയെ കഴിഞ്ഞദിവസം നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സർക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.
അതിനിടെ സമാജ്‍വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാലിലെ എംഎല്‍എ സ്ഥാനം നിലനിര്‍ത്താൻ തീരുമാനിച്ചു. ഇതിനായി അസംഗഢിലെ എംപി സ്ഥാനം അദ്ദേഹം രാജിവച്ചു. യുപിയിലെ പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാൻ വേണ്ടിയാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയുടെ മോശമല്ലാത്ത പ്രകടത്തിന്റെ പശ്ചാത്തലത്തിൽ അഖിലേഷ് സംസ്ഥാനത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഉചിതമെന്നായിരുന്നു പാർട്ടിയുടെ വിലയിരുത്തൽ.