
രഞ്ജിത്തണ്ണൻ സിനിമയിൽ നായകന്റെ മാസ് എൻട്രി അവതരിപ്പിച്ചതുപോലെ ഉദ്ഘാടന വേദിയിൽ നടി ഭാവനയുടെ സസ്പെൻസ് എൻട്രി അവതരിപ്പിച്ചതിനെ ചൊല്ലിയാണ് സോഷ്യൽ മീഡിയയിലെ കോലാഹലം. അണ്ണന്റെ നായക കഥാപാത്രങ്ങളുടെ സ്ത്രീവിരുദ്ധതയൊക്കെ ചിലർ എടുത്തിട്ട് അലക്കുമ്പോൾ ഡെലിഗേറ്റുകൾ അതൊന്നും ഗൗനിക്കാതെ സിനിമ കാണാനുള്ള നെട്ടോട്ടത്തിലാണ്.
നല്ല സിനിമകളുണ്ട്. പക്ഷെ 'യോഗം' വേണം കാണാൻ. റിസർവ് ചെയ്താലേ സിനിമ കാണാൻ കഴിയൂ. ഓൺലൈനിൽ റിസർവ് ചെയ്യാനായി സൈറ്റിലോട്ട് പോയാൽ പാസ് വേഡ് ചോദിക്കും. ശരിയായ പാസ് വേഡ് കൊടുക്കമ്പോഴും സ്വീകരിക്കില്ല. പിന്നെ പാസ് വേഡ് മറന്നു പോയതായി രേഖപ്പെടുത്തി. പിന്നെ ഒ.ടി.പി അതിനു പുറത്തെ മൊബൈലിൽ പാസ് വേഡ് എത്തും. ഇന്നലെ ബാഡ് ബോയിക്ക് വന്നത് ഒരേ സമയം രണ്ട് പാസ് വേഡ്!
റിസർവ് ചെയ്യാനായി ലിസ്റ്റ് പരതിയപ്പോൾ എല്ലാം ഫുൾ. എങ്ങനെ ഫുള്ളാകാതിരിക്കും? എണ്ണായിരത്തിലേറെ പ്രതിനിധികൾ ഉണ്ട്. 15 തിയേറ്ററുകൾ ഉണ്ടെങ്കിലും സീറ്റുകളെല്ലാം കൂടി ആറായിരത്തിനു താഴെ മാത്രവും.ആയിരം രൂപകൊടുത്ത് പാസെടുത്തവരൊക്കെ തെക്ക് വടക്ക് നടക്കുകയാണ്.