
മഹാമാരി കാലത്തെ മേള പലർക്കും പല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചിത്രങ്ങൾ കാണുക എന്നതിനപ്പുറം അവിടേയ്ക്കെത്തുന്ന ഓരോ മനുഷ്യർക്കും പറയാനുള്ലത് അവരുടെ തന്നെ കഥകളാണ്. തീയേറ്ററുകളിൽ കാണുന്നതുപോലെ അല്ലെങ്കിൽ അതിനെക്കാളേറെയോ സംഭവബഹുലമാണ് അവരുടെ കഥകൾ. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനെത്തിയ ജിഷ്ണുവും അത്തരത്തിലൊരാളാണ്.
കാര്യവട്ടം കോളേജിൽ അവസാന വർഷ മലയാളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ജിഷ്ണു പ്രകാശ്. 2018 മുതൽ എല്ലാ വർഷവും ഐഎഫ്എഫ്കെ നടക്കുമ്പോൾ ജിഷ്ണു താൻ മൊബൈലിൽ പകർത്തിയ ചിത്രങ്ങൾ പ്രദർശിപ്പിക്കാറുണ്ട്. 'ഇടങ്ങൾ' എന്നാണ് ജിഷ്ണു ഇത്തവണത്തെ ചിത്രപ്രദർശനത്തിന് പേര് നൽകിയിരിക്കുന്നത്. നഷ്ടപ്പെട്ടുപോകുന്ന ഇടങ്ങൾ, മനുഷ്യൻ കാണാതെ പോകുന്ന ഇടങ്ങൾ, എത്തിപ്പെടാൻ കൊതിക്കുന്ന 'ഇടങ്ങൾ' അങ്ങനെ ഈ പേരിന്റെ തലങ്ങൾ നിരവധിയാണ്.

പരിമിതികളെ ചിറകുകളാക്കി
തന്റെ സുഹൃത്തിന്റെ അച്ഛൻ സമ്മാനിച്ച മുണ്ടിലാണ് ജിഷ്ണു ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം അമ്മയുടെ സാരിയായിരുന്നു ഉപയോഗിച്ചിരുന്നതെന്നും ജിഷ്ണു പറയുന്നു. അമ്മയാണ് ജിഷ്ണുവിന്റെ ഏറ്റവും വലിയ പ്രചോദനം. ചിത്രങ്ങൾക്കായുള്ല കഥകൾ തേടിപ്പോകുന്നതും തന്റെ മനസിലുള്ല കഥകൾ തുറന്നു പറയുന്നതും അമ്മയോടാണ്. പത്താം ക്ലാസ് മുതൽ തുടങ്ങിയ മകന്റെ ഫോട്ടോഗ്രാഫി സ്വപ്നത്തിന് പൂർണ പിന്തുണ അമ്മ തന്നെയാണ്. രോഹിത്ത്,ഗോകുൽ, അഖില,അഞ്ജു എന്നീ സുഹൃത്തുക്കളും എല്ലാത്തിനും തുണയായി ജിഷ്ണുവിനൊപ്പം ഉണ്ട്.
'ചേട്ടന്റെ ഫോൺ ഏതാ?'
'ഐ ഫോൺ 13പ്രോ മാക്സ്, പക്ഷെ വില 13,000 മാത്രേള്ലു.' ചിത്രപ്രദർശനം കാണാനെത്തിയ രണ്ട് പെൺകുട്ടികൾ ചോദിച്ചപ്പോൾ തന്റെ കൈയിലുള്ള ഫോൺ കാട്ടി ചിരിച്ചുകൊണ്ട് ജിഷ്ണു പറഞ്ഞു. സിനിമാറ്റോഗ്രാഫർ സന്തോഷ് ശിവൻ ഒരിക്കൽ പറഞ്ഞിരുന്നു വിലകൂടിയ ക്യാമറയിലല്ല, അത് ഉപയോഗിക്കുന്ന ആളിലാണ് കാര്യം എന്ന്. അതെ അത് തന്നെയാണ് ജിഷ്ണുവിന്റെ കാര്യത്തിലും പറയാനുള്ളത്. ഓരോ ചിത്രങ്ങൾക്കും ജീവൻ പകരാൻ ജിഷ്ണുവിന്റെ ഉള്ളിൽ ക്രിയാത്മകമായ ഒരു മനസുള്ലപ്പോൾ കൈയിൽ വിലകൂടിയ ക്യാമറയൊന്നും വേണ്ടിവന്നില്ല. ജിഷ്ണുവിന്റെ 'ഓരോ ചിത്രത്തിനും ഓരോ കഥകൾ പറയാനുണ്ട്', 'ജീവനുള്ള ചിത്രങ്ങൾ' എന്നാണ് കാണാനെത്തിയ പലരും അഭിപ്രായം പറയുന്നത്.

ജിഷ്ണുവിന്റെ ഇത്തവണത്തെ ചിത്രപ്രദർശനത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. താൻ എഴുതിയ താരാട്ടുപാട്ട് നിർമിക്കാനായി ഒന്നര വർഷമായി ജിഷ്ണു പ്രൊഡ്യൂസർമാരെ തെരഞ്ഞു നടക്കുകയാണ്. എന്നാൽ ജിഷ്ണുവിന്റെ ഈ വലിയ സ്വപ്നം ഇത്തവണത്തെ ഐഎഫ്എഫ്കെയിലൂടെ സാദ്ധ്യമാവുകയാണ്. ചിത്രപ്രദർശനം കാണാനെത്തിയ സംവിധായകൻ രഞ്ജിത്തിനോടും പ്രൊഡ്യൂസർ രഞ്ജിത്തിനോടും ജിഷ്ണു തന്റെ സ്വപ്നങ്ങൾ തുറന്നു പറഞ്ഞു. 'ആ താരാട്ട് പാട്ട് പ്രൊഡ്യൂസ് ചെയ്യാൻ ഒരാളെ കണ്ടെത്തണം സർ, അതാണെന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ലക്ഷ്യം' അതിന് എത്ര രൂപാ ചെലവ് വരും എന്ന് സംവിധായകൻ രഞ്ജിത്ത് ചോദിച്ചെങ്കിലും അപ്രതീക്ഷിതമായ ഈ ചോദ്യത്തിന് മറുപടി നൽകാൻ ജിഷ്ണുവിന് കഴിഞ്ഞില്ല. ഉടൻ 'എത്രയായാലും നമുക്ക് നോക്കാം' എന്ന് നിർമാതാവ് രഞ്ജിത്ത് മറുപടി നൽകി. ഒപ്പം ചലച്ചിത്ര മേള കഴിഞ്ഞയുടൻ അക്കാഡമിയിലെത്താനും ആവശ്യപ്പെട്ടു. ജിഷ്ണു എത്തിപ്പെടാൻ കൊതിക്കുന്ന ഇടത്തിലേയ്ക്കുള്ള ആദ്യ പടിയായിരുന്നു രഞ്ജിത്തിന്റെ ഈ വാക്കുകൾ.
എല്ലാ അമ്മമാരും എന്റെ പാട്ട് കേൾക്കണം
അവിചാരിതമായി ജിഷ്ണുവിന്റെ ഉള്ലിൽ കൂടിയ കുറേ വാക്കുകൾ അത് പിന്നീടൊരു താരാട്ടുപാട്ടായി മാറി. തന്റെ സുഹൃത്തിന്റെ അമ്മ മരിച്ച ദിവസം നിറകണ്ണുകളോടെ തിരിച്ച് വീട്ടിലേയ്ക്ക് വരുമ്പോഴാണ് ജിഷ്ണുവിന്റെ മനസിൽ ആ വരികൾ വന്നത്. പിന്നീട് ആ പാട്ട് കേട്ട അമ്മമാരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. ആ പാട്ട് എല്ലാ അമ്മമാരുടെയും മക്കളുടെയും കാതുകളിലേയ്ക്ക് എത്തിക്കാനുള്ല ജിഷ്ണുവിന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്.

'ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ തെരുവുകൾ മതി. അവിടെയാണ് കഥകളുള്ല മനുഷ്യരുള്ലത്. ഇനിയും അവരെ മനസിലാക്കാൻ അവരിലേയ്ക്കടുക്കാൻ ചിത്രപ്രദർശനവുമായി ഞാൻ എത്തും. ഒരു സാധാരണക്കാരന് സ്വപ്നങ്ങൾ നേടിയെടുക്കാൻ ആത്മവിശ്വാസം മാത്രം മതി എന്ന സന്ദേശവുമായി.'- ജിഷ്ണു പറയുന്നു.