
മുംബയ്: സാങ്കേതിക വിദ്യ അത്യധികം വളർന്നുകൊണ്ടിരിക്കുന്ന കാലമാണിത്. അതിനൊപ്പം തന്നെ ഓൺലൈൻ തട്ടിപ്പുകളും. ഓരോ ദിവസവും പുതിയ രീതിയിലാണ് തട്ടിപ്പുകൾ നമുക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പുമായി നൽകിയിരിക്കുകയാണ് സൈബർ വിദഗ്ധർ. അടുത്തിടെ പുറത്തിറങ്ങിയ ദി കാശ്മീർ ഫയൽസ് എന്ന ചിത്രത്തിന്റെ പേരുപയോഗിച്ച് വാട്സാപ്പിലൂടെയാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഒരു ലിങ്ക് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു കൊണ്ടാണ് സൈബർ കുറ്റവാളികൾ സ്മാർട്ട്‌ഫോണിലെ വിവരങ്ങൾ ചോർത്തുന്നത്.
തീയേറ്ററിൽ മാത്രമിറങ്ങിയ ഈ ചിത്രം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്നുള്ള ഒരു മെസേജോടു കൂടിയാണ് ഈ ലിങ്ക് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു വൈറസ് കയറും. ഈ വൈറസിന്റെ സഹായത്തോടെ ഫോണിലെ സകല വിവരങ്ങളും തട്ടിപ്പുകാർക്ക് ചോർത്താനാകും. ആ ഫോണിലുള്ള ബാങ്ക് അക്കൗണ്ട് ഉൾപ്പടെയുള്ള രഹസ്യ വിവരങ്ങൾ ഇതു വഴി സൈബർ കുറ്റവാളികളുടെ കയ്യിലെത്തുകയും ചെയ്യും. ഫോണിൽ വൈറസ് കേറിയെന്നോ, അത് ഫോണിലെ വിവരങ്ങൾ ചോർത്തിയെന്നോ ഉപയോക്താവിന് അറിയാൻ സാധിക്കില്ല. ബാങ്ക് അക്കൗണ്ടിലെ പണം പോയി കഴിയുമ്പോഴായിരിക്കും ഈ വിവരം അറിയുന്നത്.
അതിനാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് ഫോണിലേക്ക് വരുന്ന ഒരു ലിങ്കും ഓപ്പൺ ചെയ്യരുതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ മാർഗ്ഗത്തിലൂടെ ഏകദേശം 30 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതിനോടകം തന്നെ നടന്നിരിക്കുന്നത്. അതിനാൽ തന്നെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധ വേണമെന്നും, അബദ്ധത്തിൽ പോലും ഇങ്ങനെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുതെന്നുമാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.