art-team

തിരുവനന്തപുരം: സിനിമകളുടെ മാത്രമല്ല, നിറങ്ങളുടെ കൂടി ഉത്സവമാണ് ഐഎഫ്എഫ്കെ. മേളയിലെ പ്രധാന വേദിയായ ടാഗോറിലെ മനുഷ്യരും ചുറ്റുപാടുമൊക്കെ ഒരുപാട് പ്രത്യേകതയുള്ളവയാണ്. ഓരോ മേളയിലും ടാഗോർ തീയേറ്ററിനെ അത്രമേൽ മനോഹരമാക്കുന്നത് ഹെെലേഷും സംഘവുമാണ്. കഴിഞ്ഞ 17 വർഷമായി വെെവിദ്യമാർന്ന കലാവിരുതിലൂടെ ഇവ‌ർ ഐഎഫ്എഫ്കെ വേദിയെ വേറിട്ടതാക്കുന്നു.

iffk

ഹെെലേഷിന്റെ(ഹെെല കുമാർ) നേതൃത്വത്തിൽ ഓരോ വർഷവും അതിമനോഹരമായാണ് ടാഗോർ പരിസരത്തെ ഒരുക്കുന്നത്. ഇത്തവണ ടയറുകളുപയോഗിച്ച് ഇവരൊരുക്കിയ ഫെസ്റ്റിവൽ ഓഫീസ് കയ്യടി നേടുകയാണ്. പ്രകൃതിയിലേയ്കക്ക് വലിച്ചെറിയപ്പെട്ട പഴയ ഇരുന്നൂറോളം ടയറുകളുപയോഗിച്ചാണ് ഓഫീസിനെ ഇവർ മോടിപിടിപ്പിച്ചത്. മഞ്ഞയും പച്ചയും നിറങ്ങളാണ് ടയറുകൾക്ക് നൽകിയിരിയ്ക്കുന്നത്. ഇവരുടെ സംഘത്തിലുള്ള സജയ കുമാർ എന്ന കലാകാരനാണ് ഫെസ്റ്റിവൽ ഓഫീസിന് മുൻപിലുള്ള പക്ഷിയുടെ ശിൽപം നിർമ്മിച്ചത്.

25 ഓളം പേർ ആറ് ദിവസം കൊണ്ടാണ് ടയറുകളുപയോഗിച്ചുള്ള ഈ നിർമാണം പൂർത്തിയാക്കിയത്. ഓരോ വർഷവും ഓരോ തീം ആണ് ഇവർ ഉപയോഗിക്കാറ്. കൊവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം സോഷ്യൽ ഡിസ്റ്റൻസിംഗായിരുന്നു തീം എങ്കിൽ ഇത്തവണത്തെത് റീയൂസ് ആൻഡ് റീബിൾഡാണ്. പാഴ് വസ്തുവിൽ നിന്ന് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ടയറുകളുപയോഗിക്കാൻ ഇവർക്ക് പ്രചോദനമായത്.

festival-office

മുൻപ് കെെരളി തീയേറ്ററിൽ ഫെസ്റ്റിവൽ ഓഫീസ് പ്രവർത്തിച്ചിരുന്ന സമയത്ത് 24 അടിയുള്ള കൂറ്റൻ പ്രൊജക്ടറാണ് ഈ സംഘം ഒരുക്കിയത്. തിയേറ്ററിന്റെ മാതൃകയിൽ ഓഫീസൊരുക്കിയതും കയറുകൊണ്ടും മുള കൊണ്ടും പായ കൊണ്ടുമൊക്കെ ഓഫീസ് ഒരുക്കിയ ഓ‌ർമ്മകളും ഹെെലേഷ് പങ്ക് വച്ചു.

art

തിരക്കുകൾക്കിടയിലും ഫെസ്റ്റിവൽ ചിത്രങ്ങൾ കാണാൻ സമയം കണ്ടെത്താറുണ്ടെന്ന് ഹെെലേഷ് പറയുന്നു. സൂര്യ കൃഷ്‌ണമൂർത്തിയുടെ ശിഷ്യനായ ഹെെലേഷ് സിനിമകളിലും ചെറിയ രീതിയിൽ ആർട്ട് വർക്കുകൾ ചെയ്യാറുണ്ട്. ആർട്ട് തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് പറഞ്ഞ ഹെെലേഷ് എത്രത്തോളം ആർട്ട് വർക്കുകൾ ചെയ്യാൻ പറ്റുമോ അത്രയേറെ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.

art