
ലെറ്റ് ഇറ്റ് ബി മോർണിംഗ് ഉൾപ്പെടെഇന്ന് എട്ടു മത്സരചിത്രങ്ങൾ
തിരുവനന്തപുരം: എറാൻ കൊളിരിൻ സംവിധാനം ചെയ്ത ഇസ്രയേൽ ചിത്രം ലെറ്റ് ഇറ്റ് ബി മോർണിംഗിന്റെ ആദ്യ പ്രദർശനം ഉൾപ്പെടെ ഇന്ന് മത്സരവിഭാഗത്തിൽ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 12.30ന് ടോഗോറിലാണ് ലെറ്റ് ഇറ്റ് ബി മോർണിംഗ് പ്രദർശിപ്പിക്കുക. ദിന അമീറിന്റെ യു റിസെമ്പിൾ മീയുടെ ആദ്യ പ്രദർശനം ഇന്ന് ഏരീസ് പ്ളക്സിൽ രാത്രി 8.45ന് നടക്കും. വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ (11.30ന് കൈരളിയിൽ), നതാലി അൽവാരെസ് മെസെൻ സംവിധാനം ചെയ്ത സ്വീഡിഷ് ചിത്രം ക്ലാര സോള (വൈകിട്ട് 6ന് കൈരളിയിൽ), കാമില അൻഡിനിയുടെ യുനി (3.15ന് ഏരീസ് പ്ളക്സിൽ),റഷ്യൻ ചിത്രം ക്യാപ്ടൻ വോൾകൊനോഗോവ് എസ്കേപ്പ്ഡ് (രാവിലെ 10ന് ടാഗോറിൽ), ക്രോയേഷ്യൻ ചിത്രം മുറിന (ഉച്ചയ്ക്ക് 3.30ന് ടാഗോറിൽ), കമീലിയ കംസ് ഔട്ട് റ്റുനൈറ്റ് (രാവിലെ 9.45ന് ഏരീസ് പ്ളക്സിൽ) എന്നീ ചിത്രങ്ങളുടെ രണ്ടാം പ്രദർശനവും ഇന്ന് നടക്കും.
ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം ഇന്ന്
തിരുവനന്തപുരം: ഓസ്കർ നാമനിർദ്ദേശം നേടിയ ജാപ്പനീസ് ചിത്രമായ ഡ്രൈവ് മൈ കാറിന്റെ ആദ്യ പ്രദർശനം ഇന്ന് രാത്രി 8.30ന് നിശാഗന്ധിയിൽ നടക്കും. റ്യൂസുക് ഹമാഗുച്ചിയാണ് സംവിധാനം.
ഒരു സംവിധായകന്റെ സിനിമാ ജീവിതവും ഭാര്യയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളുമാണ് പ്രമേയം. കാൻ പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്.
ഭയപ്പെടുത്താൻ ദി മീഡിയം ഇന്ന് നിശാഗന്ധിയിൽ
തിരുവനന്തപുരം: തായ്ലൻഡിലെ ഒരു ഗ്രാമീണ കുടുബത്തിൽ ബയാൻ എന്ന ആത്മാവ് നടത്തുന്ന ഭീതിപ്പെടുത്തുന്ന ഇടപെടലുകളുടെ കഥ പറയുന്ന തായ് ചിത്രം 'ദി മീഡിയം' രാജ്യാന്തര മേളയിൽ ഇന്ന് രാത്രി 12ന് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
ഷിവർ ഷിവർ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ബൻജോങ്ങാണ്. ബുച്ചിയോൺ അന്താരാഷ്ട്ര ഫെന്റാസ്റ്റിക് ചലച്ചിത്രമേള, മാനിയാറ്റിക് ഫെന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവൽ, സാൻ സെബാസ്റ്റ്യൻ ഹൊറർ ആൻഡ് ഫാന്റസി ഫിലിം വീക്ക് എന്നീ മേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെയും മേളയിലെ ഏക പ്രദർശനവുമാണിത്.