
തിരുവനന്തപുരം: കൊവിഡ് മൂലം നഷ്ടമായ പഴയ പ്രതാപം തിരിച്ചുപിടിച്ച് 26ാമത് രാജ്യാന്തര ചലച്ചിത്ര മേള നാലാം ദിനത്തിൽ എത്തിനിൽക്കുകയാണ്. മേളയുടെ ഊർജവും നിറവും പ്രസരിപ്പുമെല്ലാം ഇത്തവണ തിരിച്ചെത്തിയിരിക്കുന്നു. സ്വദേശികളും വിദേശികളുമടക്കം നാനാഭാഗത്തുനിന്നും അനേകം ചലച്ചിത്രാസ്വാദകർ ദിവസേന മേളയുടെ ഭാഗമാകാനെത്തുന്നു. മേളയുടെ സംഘാടകരും സിനിമാസ്വാദകർക്കായി ഇത്തവണ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയിലൊന്നാണ് കെ എസ് ഇ ബിയുടെ ഇലക്ട്രിക് കാറുകൾ.
മേളയുടെ ഭാഗമാകാനെത്തുന്ന അതിഥികൾക്കും ഒഫീഷ്യലുകൾക്കും സുഗമമായ യാത്ര ഉറപ്പാക്കാനെത്തുന്ന വാഹനങ്ങളിൽ താരമാണ് കെ എസ് ഇ ബിയുടെ ഇലക്ട്രിക് കാറുകൾ. അറുപത്തിയഞ്ചിന്റെ നിറവിൽ എത്തിനിൽക്കുന്നതിന്റെ ഭാഗമായി 65 ഇലക്ട്രിക് കാറുകൾ അടുത്ത ദിവസമാണ് കെ എസ് ഇ ബിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായത്. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ഭാഗമായുണ്ടാകുന്ന മലിനീകരണത്തിന് പരിഹാരമുണ്ടാവണം എന്ന ലക്ഷ്യത്തോടെയാണ് 'എർത്ത് ഡ്രൈവ്' എന്ന പേരിൽ ഇലക്ട്രിക് കാറുകൾ പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്ര മേളയിലെ സർവീസുകൾക്കായി പത്ത് കാറുകളും കെ എസ് ഇ ബി വിട്ടുനൽകി. കെ എസ് ഇ ബി സി, എം ഡി ബി അശോക് ഐ എ എസ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്, വൈസ് പ്രസിഡന്റ് പ്രേം കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കാറുകളുടെ ഫ്ളാഗ് ഓഫ് നടന്നത്.

ഹരിതോർജം പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ഉദേശത്തോടെയാണ് പദ്ധതി നടപ്പിലാക്കിയതെന്ന് കെ എസ് ഇ ബി ലെയ്സൺ ഓഫീസറായ ബി എച്ച് അനി പറഞ്ഞു. സൗജന്യമായാണ് ഇലക്ട്രിക് കാറുകളിലെ യാത്ര. ബാറ്ററി ഫുൾ ചാർജിലായാൽ 350 കിലോമീറ്റർ വരെ യാത്ര ചെയ്യാനാകും. വൈദ്യുതി ഭവൻ സമുച്ചയത്തിലാണ് ചാർജിംഗ് സ്റ്റേഷനുകൾ ഒരുക്കിയിരിക്കുന്നതെന്നും സൗജന്യമായാണ് കെ എസ് ഇ ബി എർത്ത് ഡ്രൈവ് എന്ന പദ്ധതി ചലച്ചിത്ര അക്കാഡമിയുമായി ചേർന്ന് നടപ്പിലാക്കുന്നതെന്ന് ജൂനിയർ അസിസ്റ്റന്റ് ഷാജി പറഞ്ഞു.

സുഗമമായ യാത്ര ലഭ്യമാകുന്നതിനാൽ മേളയിൽ എത്തുന്ന അതിഥികൾ തങ്ങൾക്ക് കെ എസ് ഇ ബിയുടെ ഇ കാറിൽ തന്നെ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായി ഡ്രൈവർമാരായ സെബാസ്റ്റ്യനും ഷഫീക്കും പറഞ്ഞു. ശബ്ദരഹിതവും എസിയുടെ കുളിർമയുമെല്ലാം ഇത്തരം കാറുകളിലെ യാത്ര അതിഥികൾക്ക് പ്രിയപ്പെട്ടതാക്കുന്നു. സിനിമാ പ്രേമികൾ ആണെങ്കിലും മുഴുവൻ സമയവും അതിഥികളുമായി യാത്ര ചെയ്യേണ്ടി വരുന്നതിനാൽ ചലച്ചിത്രമേളയിൽ സിനിമാ കാണാൻ കഴിയുന്നില്ലെന്ന പരിഭവവും ഇവർക്കുണ്ട്.
നൂറ് ശതമാനവും ഹരിതോർജത്തിലേക്ക് മാറുകയെന്ന ലക്ഷ്യത്തിന്റെ തുടക്കമാണ് കെ എസ് ഇ ബിയുടെ എർത്ത് ഡ്രൈവ് പ്രോജക്ട്. ഐ എഫ് എഫ് കെ പോലുള്ള മഹാമേളയുടെ ഭാഗവാകുന്നതിലൂടെ കൂടുതൽ പേരിൽ ഹരിതോർജം എന്ന സന്ദേശം എത്തിക്കാനാകുമെന്നും അധികൃതർ പറയുന്നു.