harbhajan-singh

ന്യൂഡൽഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വമ്പൻ വിജയത്തിന് പിന്നാലെ നിർണായകമായ തീരുമാനവുമായി ആം ആദ്മി പാർട്ടി (എഎപി) രംഗത്ത്. മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിനെ എഎപിയുടെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയാക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ അഞ്ച് സീറ്റുകളിൽ ഒന്നിലാണ് ഹർഭജനെ മത്സരിപ്പിക്കുക. ഇദ്ദേഹത്തെ കൂടാതെ പാർട്ടിയുടെ മുതിർന്ന നേതാവ് രാഘവ് ഛദ്ദയെയും, ഡൽഹി ഐഐടിയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ സന്ദീപ് പഥകിനെയും പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കുമെന്നാണ് വിവരം. ഈ മാസം അവസാനമാണ് തിരഞ്ഞെടുപ്പ്.

ഹർഭജൻ സിംഗിനെ പാർട്ടി ഒരു യൂത്ത് ഐക്കണായാണ് കാണുന്നത്. മാത്രമല്ല അദ്ദേഹം രാജ്യത്തുടനീളം അറിയപ്പെടുന്ന വ്യക്തിത്വം കൂടിയാണ്. ദീർഘ കാലമായി പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണ് എംഎൽഎ കൂടിയായ രാഘവ് ഛദ്ദ. പാർട്ടിയുടെ പഞ്ചാബിന്റെ ചുമതലേയറ്റതു മുതൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. പാർട്ടി പ്രവർത്തകരുമായി വളരെ അടുത്ത് പ്രവർത്തിക്കുകയും പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ ഉജ്ജ്വല വിജയം ഉറപ്പാക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. പഞ്ചാബിലെ ഏഴ് രാജ്യസഭാ സീറ്റുകളിൽ അഞ്ചെണ്ണത്തിലേക്ക് മാർച്ച് 31 നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇലക്ഷൻ പ്രഖ്യാപനവും കഴിഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.