
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധം ഇന്നും തുടരുകയാണ്.
ചോറ്റാനിക്കരയിലും കോട്ടയം നട്ടാശേരിയിലും സംക്രാന്തിയിലും രാവിലെ മുതൽ പ്രതിഷേധം തുടങ്ങിയിരുന്നു. പ്രദേശത്ത് നാട്ടുകാരും കെ റെയിൽ ഉദ്യോഗസ്ഥരും തമ്മിൽ തർക്കമായതോടെ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ അരീക്കാട് സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇവിടെ പ്രതിഷേധം.സിൽവർ ലൈൻ പദ്ധതിക്കെതിരെ കൊല്ലം കളക്ടേറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.
സിൽവർ ലൈൻ വിരുദ്ധ കല്ല് കളക്‌ടറേറ്റിൽ സ്ഥാപിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ ഗേറ്റിന് മുന്നിൽ സമരക്കാരെ പൊലീസ് തടഞ്ഞു. മലപ്പുറം തിരുനാവായയിലും കല്ലിടലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ പ്രദേശത്തെ കല്ലിടൽ മാറ്റി വച്ചിരിക്കുകയാണ്.

അതേസമയം, സംസ്ഥാനമൊട്ടാകെ പ്രതിഷേധം കനത്തതോടെ പൊലീസുകാരോട് സംയമനം പാലിക്കാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് പ്രതിഷേധക്കാരെ ബോധവൽക്കരിക്കാനും നിർദേശത്തിൽ പറയുന്നുണ്ട്.
എന്നാൽ, കെ റെയിലുമായി മുന്നോട്ട് പോവുകയാണെങ്കിൽ കല്ലുകൾ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കൾ ജയിലിൽ പോകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സാധാണക്കാരെ ജയിലിലിക്കാൻ അനുവദിക്കില്ലെന്നും ധാർഷ്‌ട്യത്തിനും ഭീഷണിക്കും വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.