
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിൽ മലയിൻകീഴ് സി ഐ, എ വി സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസിൽ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റുമായ സൈജു ഇപ്പോൾ അവധിയിലാണ്.
മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടർ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നൽകിയ പ്രശ്നം പരിഹരിക്കാൻ മലയിൻകീഴ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ൽ ഒരു ശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായാണ് ഡോക്ടർ പരാതിപ്പെട്ടത്. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും പണം കടംവാങ്ങിക്കുകയും ചെയ്തു. സൈജുമായുള്ള ബന്ധമറിഞ്ഞപ്പോൾ ഇവരുടെ വിവാഹ ബന്ധം വേർപ്പെട്ടു. പിന്നീട് അവർക്ക് വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല.
ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു. ഇതിന്റെ പേരിൽ സൈജുവിന്റെ ബന്ധുക്കൾ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറയുന്നു. ഇയാൾക്കെതിരെ റൂറൽ എസ്പിയ്ക്ക് പരാതിനൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല.
ശനിയാഴ്ച രാത്രി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് കേസെടുത്തു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പിക്ക് കൈമാറി.