
ബന്ധുവായ ഒരു രോഗിയെ സന്ദർശിക്കാനാണ് ലളിത മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. സർവീസിൽ നിന്ന് വിരമിച്ച് അഞ്ചുവർഷമായിരിക്കുന്നു, സഹപ്രവർത്തകരിൽ പലരും സ്ഥലം മാറിപ്പോയിരിക്കും. ആരും തിരിച്ചറിയില്ല എന്ന് കരുതി ലിഫ്റ്റിൽ കയറാൻ നിൽക്കുമ്പോഴാണ് ഡോ. ഗണേഷ് പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തത്. പേരെടുത്ത ഡോക്ടർ കേവലം അറ്റൻഡറായി വിരമിച്ച തന്നെ തിരിച്ചറിഞ്ഞ് സൗഹൃദം കാട്ടിയപ്പോൾ ലളിത അമ്പരന്നു. ''ഇവരൊരു മാലാഖയായിരുന്നു. രക്ഷകയും സഹായിയുമാെണന്നതിനപ്പുറം കാരുണ്യത്തിന്റെ മാതൃകയായിരുന്നു."" ഒപ്പമുണ്ടായിരുന്ന നഴ്സുമാരോട് ഡോ.  ഗണേഷ് വിവരിക്കുമ്പോൾ ലളിത ചമ്മലോടെ നിന്നു. കുടുംബവിശേഷങ്ങളും ആരോഗ്യസ്ഥിതിയും ആരെ ഏതുവാർഡിൽ കാണാൻ എന്നൊക്കെ ഡോക്ടർ തിരക്കി. മറ്റൊരു വാർഡിലേക്ക് പോകുമുമ്പ് ഡോക്ടർ പറഞ്ഞു: നരകവാതിലുകളൊക്കെ ഈ ആശുപത്രിയിൽ തന്നെ കണ്ടിട്ടുള്ളതിനാൽ ഇനിയെല്ലാം സ്വർഗജാലകങ്ങളായിരിക്കുമല്ലേ.
ബന്ധുവിനെ സന്ദർശിച്ചു മടങ്ങി കാന്റീനിൽ ഒരു ചായ കുടിക്കാൻ കയറിയപ്പോൾ ഡോ. ഗണേഷിന്റെ ഒപ്പമുണ്ടായിരുന്ന ഒരു നഴ്സ് അടുത്തേക്ക് വന്നു. ഹൃദ്യമായി ചിരിച്ചു. പിന്നെ ചിരപരിചിതയെപ്പോലെ സംസാരിക്കാൻ തുടങ്ങി. ഡോക്ടർ എല്ലാം പറഞ്ഞു. ഇപ്പോഴും പഴയ പല ഡോക്ടർമാരും നിങ്ങളുടെ കാര്യം പറയാറുണ്ട് എന്ന് കേട്ടപ്പോൾ ലളിതയ്ക്ക് വിശ്വസിക്കാനായില്ല. ആകാംക്ഷയോടെ എന്തൊക്കെ എന്ന് ചോദിച്ചപ്പോൾ ആ സിസ്റ്റർ മനഃപാഠം പോലെ പറഞ്ഞുതുടങ്ങി. മുമ്പ് ഐ.സിയിലേക്ക് ഓക്സിജൻ സിലിണ്ടറുമായി ഓടിവരുന്നത്, അത്യാവശ്യക്കാർക്ക് ബ്ലഡ് ബാങ്കിലേക്ക് പ്രാർത്ഥനയോടെ പോകുന്ന കാര്യം. ഡെത്ത് രജിസ്റ്റർ എടുക്കാൻ പോകുമ്പോൾ ഓരോ വാർഡിലും കാലൻ കൈവച്ച ശരീരങ്ങളും പേരുകളും കണ്ട് കണ്ണ് തുടയ്ക്കുന്ന സംഭവങ്ങൾ. മോർച്ചറിയിലെ ജഡങ്ങളിലെ കാൽ വിരലിൽ കെട്ടിയ പേരുകൾ. ജാതിയും മതവും വേർതിരിവുകളും മരവിച്ച ശരീരങ്ങൾ. പണം കായ്ക്കുന്ന മരങ്ങൾ ഓരോ വാർഡിലും കിടയ്ക്കകരികിലും കൈയെത്തും അകലത്തുണ്ടായിട്ടും ഒരു രൂപപോലും വാങ്ങാത്ത അറ്റൻഡർ. സർവീസിലിരിക്കെ ഒരു ഗുഡ് സർവീസ് എൻട്രിയും ലഭിച്ചില്ല. പക്ഷേ ജീവൻ തിരിച്ചു കിട്ടിയ എത്രയോ രോഗികൾ മനസ് കൊണ്ട് അതു തന്നിട്ടുണ്ടാവും. ആരും കാണാതെ ദൈവവും നൽകിയിരിക്കാം. രോഗിയെ പരിചരിക്കാൻ ഡോക്ടറും നഴ്സും തന്നെയാകണമെന്നില്ല. സന്മസുള്ള ഒരു അറ്റൻഡറായാലും മതി. സിസ്റ്ററുടെ വാക്കുകൾ കേട്ടപ്പോൾ ലളിതയുടെ മനസ് നിറഞ്ഞു. കരയണമെന്ന് തോന്നി. എങ്കിലും നിയന്ത്രിച്ചു.
മകളിപ്പോൾ എന്തുചെയ്യുന്നു എവിടെയാണ് എന്ന് അന്വേഷിക്കാനും ഡോക്ടർ ഗണേഷ് പറഞ്ഞിരിക്കുകയാണ്. സിസ്റ്റർ ലളിതയുടെ തോളിൽ തലോടി. മകളിപ്പോൾ പ്ലസ് ടു ടീച്ചർ. വീട്ടിനടുത്തുള്ള സ്കൂളിൽ. അവളെ പ്രസവിച്ച് ഒരു വയസാകുംമുമ്പേ ഭർത്താവ് ഉപേക്ഷിച്ചുപോയി. ഒരു മിഠായിയോ നല്ല ഉടുപ്പോ ഒന്നും വാങ്ങിക്കൊടുക്കാനായില്ല. പക്ഷേ അവളിപ്പോൾ എനിക്ക് മധുരമാണ്.  നല്ല സ്നേഹം. ഫയർ ഫോഴ്സിൽ ജോലിയുള്ള മരുമകൻ. അന്ന് മത്സരിച്ച് കൈനീട്ടി കാശുവാങ്ങി കൂട്ടിയവരൊക്കെ ദുരിതക്കയങ്ങളിലാണത്രേ.  ദുഃഖിച്ചിരിക്കുന്നവന്റെ പണം എത്ര നിർബന്ധിച്ചാലും വാങ്ങരുത്. അതിനുള്ളിൽ എണ്ണമറ്റ ദുഃഖങ്ങളും ശാപങ്ങളുമുണ്ടാകും എന്ന് കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്നിട്ടുണ്ട്. അതു പാലിച്ചു എന്ന് മാത്രം. ലളിതയും സിസ്റ്ററും സംസാരിച്ച് നിൽക്കുമ്പോൾ ഡോക്ടർ ഗണേഷ് വന്നു. എല്ലാ രീതിയിലും ലളിതയുടെ ഒരു പിൻഗാമിയാകാൻ യോഗ്യയാണ് സിസ്റ്റർ സുനന്ദ. അനുഗ്രഹിച്ച് വിട്ടേക്ക്. ഡോ. പുഞ്ചിരിയോടെ പറഞ്ഞപ്പോൾ സുനന്ദ ലളിതയുടെ കരം സ്നേഹപൂർവം ഗ്രഹിച്ചു. അവരുടെ വിരലുകളിലൂടെ സ്നേഹം പരസ്പരം പ്രവഹിച്ചു. പിന്നെ ലളിത നിറഞ്ഞ കണ്ണുകൾ കൊണ്ട് സുനന്ദയെ അനുഗ്രഹിച്ചു.
(ഫോൺ : 9946108220)