തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ സിനിമയോടൊപ്പം തന്നെ ഇടം പിടിക്കുന്ന ഒന്നാണ് വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ. ഒട്ടനവധി ഫുഡ് സ്റ്റാളുകൾ എല്ലാ തവണയും ചലച്ചിത്ര മേളയ്ക്ക് രുചി പകരാറുണ്ട്. ചായയിലും കടിയിലും തുടങ്ങി പായസവും ഐസ്ക്രീമും ഉൾപ്പടെയുള്ള വിഭവങ്ങൾ ഇവിടെ കാണാം. പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനവും ചലച്ചിത്ര മേളയിലെ സ്ഥിരം സാന്നിദ്ധ്യമാണ്. എന്നാൽ ഇത്തവണത്തെ ഐഎഫ്എഫ്കെയിലെ വ്യത്യസ്‌ത കാഴ്ചയായി മാറിയിരിയ്ക്കുകയാണ് ബുട്ടോമി എന്ന ആപ്പിന്റെ സേവനം.
ഫുഡിനായുള്ള ആദ്യത്തെ സോഷ്യൽ മീഡിയ ആപ്പാണ് തങ്ങളുടെതെന്ന് ഇവർ അവകാശപ്പെടുന്നു. ഈ ആപ്പിലൂടെ വ്ളോഗർമാരുമായി പരസ്പരം കണക്ട് ചെയ്യാനാകും. ഇവരുമായി ചാറ്റ് ചെയ്യാനും സാധിക്കും. റെസ്റ്റോറന്റുകളിൽ നിന്ന് മാത്രമല്ല, വീടുകളിലെ ഷെഫുമാരിൽ നിന്നും ആപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനാകും. നിർധനർക്ക് സൗജന്യമായി ഭക്ഷണമെത്തിച്ച് നൽകുന്ന ഫുഡ് ബാങ്കാണ് ഇവരുടെ മറ്റൊരു പ്രത്യേകത.
ഡെലിഗേറ്റുകൾക്ക് ഫ്രീയായി കുപ്പിവെള്ളം ഇവർ നൽകുന്നു. ഓർഡർ ചെയ്യുന്നവർക്ക് ഇവർ കൃത്യമായി അതത് സ്ഥലത്ത് ഭക്ഷണം എത്തിച്ച് നൽകുന്നുമുണ്ട്. ടാഗോർ തിയേറ്ററിൽ ആരംഭിച്ചിരിക്കുന്ന ഇവരുടെ ഫുഡ് സ്റ്റാൾ ഡെലിഗേറ്റുകൾക്ക് സഹായകരമാണ്.
ബുട്ടോമി ആപ്പിലുള്ള പ്രീ ഓർഡർ എന്ന സംവിധാനം ഡെലിഗേറ്റുകൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഇവരുടെ വക്താവ് പറയുന്നു. തലേദിവസം തന്നെ ഫുഡ് ഓർഡർ ചെയ്ത് വയ്ക്കാനാകുന്ന സംവിധാനമാണ് പ്രീ ഓർഡർ. മേളയിലെ തിരക്കുകൾക്കിടയിൽ ഈ സംവിധാനം ചലച്ചിത്രപ്രേമികൾക്ക് ഏറെ ഗുണം ചെയ്യും.