
തൃശൂർ: അഡ്വ. സി.കെ. മേനോന്റെ സ്മരണാർത്ഥം നിരാലംബർക്ക് തൃശൂർ ജില്ലാ സൗഹൃദവേദി വഴി വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മകനും നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ. കോർപറേഷൻ ചെയർമാനുമായ ജെ.കെ. മേനോൻ പറഞ്ഞു.
കൈപ്പമംഗലത്ത് അഡ്വ. സി.കെ. മേനോന്റെ പേരിൽ നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാന ചടങ്ങിൽ അദ്ധ്യക്ഷനായി സംസാരിക്കുകയായിരുന്നു ജെ.കെ. മേനോൻ. പിതാവിന്റെ നേതൃത്വത്തിലാണ് തൃശൂർ ജില്ലാ സൗഹൃദവേദി ആരംഭിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് താങ്ങാവുന്നതോടൊപ്പം മെച്ചപ്പെട്ട ജീവിതസൗകര്യമൊരുക്കുകയെന്നതുമായിരുന്നു സൗഹൃദവേദിയുടെ ലക്ഷ്യം. പിതാവിന്റെ മരണശേഷവും ആ പാത പിന്തുടരാൻ കഴിയുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് ജെ.കെ. മേനോൻ പറഞ്ഞു.
മന്ത്രി ആർ. ബിന്ദുവിൽനിന്ന് കൈപ്പമംഗലം കൈമാപറമ്പിൽ ബാബുവും ഭാര്യ റൂബിയും ചേർന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങി. സി.കെ. മേനോൻ പൊതുസമൂഹത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോഗശേഷം മകനും ആ പാത സ്വീകരിക്കുന്നത് അഭിനന്ദാർഹമാണെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ടൈസൺ മാസ്റ്റർ എം.എൽ.എ. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വാർഡ് മെമ്പർ മിനി അരയങ്ങാട്ടിൽ, ടി.ജെ.എൻ.ആർ.ഐ ബാങ്ക് പ്രസിഡന്റ് രണദേവ്, വേദി സാന്ത്വനം പദ്ധതി ചെയർമാൻ മുഹമ്മദ് ഇസ്മായിൽ, പ്രവാസി ഫോറം ചെയർമാൻ കെ.എം. അനിൽ, വേദി സൗദി ചാപ്റ്റർ ഭാരവാഹികളായ ജോൺ റാൽഫ്, ഭവന പദ്ധതി കൺവീനർ സജീഷ് പട്ടിളചൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.