
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് പോര് സൈബറിടത്തിലും മുറുകുന്നു. കെ സി വേണുഗോപാലിനെതിരെ പോസ്റ്റിടാൻ അനുയായിക്ക് രമേശ് ചെന്നിത്തല നിർദേശം നൽകുന്ന ഓഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. എന്നാൽ, ഓഡിയോ ക്ലിപ്പുകൾ വ്യാജമാണെന്നാണ് രമേശ് ചെന്നിത്തല അനുകൂലികളുടെ വാദം.
അതേസമയം, ചെന്നിത്തലയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വേണുഗോപാലിന്റെ അനുയായികൾ കെപിസിസിയിൽ പരാതി നൽകിയിട്ടുണ്ട്. ആറ്റിങ്ങലിലെ കോൺഗ്രസ് പ്രവർത്തകനെയാണ് ഫോണിൽ വിളിച്ച് നീ നേരിട്ട് ചെയ്യേണ്ട എന്ന രീതിയിൽ രമേശ് ചെന്നിത്തല നിർദേശം നൽകിയിരിക്കുന്നത്.
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലിനെതിരെ പാർട്ടിക്കുള്ളിൽ നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ സിക്കെതിരെ സൈബർ ആക്രമണം നടത്താനുള്ള പുതിയ നിർദേശവും പുറത്തു വന്നിരിക്കുന്നത്.
രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയത്തിലും കോൺഗ്രസിനകത്ത് ചേരിതിരിവുകളുണ്ടായിരുന്നു. ആദ്യം ഹൈക്കമാന്റ് രാജ്യസഭയിലേക്ക് മറ്റൊരു പേര് നിർദേശിച്ചെങ്കിലും കേരള ഘടകത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ജെബി മേത്തറെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയത്.
പിന്നാലെ വീണ്ടും പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ജെബിക്ക് സീറ്റ് നൽകിയതിന് പിന്നാലെ ഫ്ളാറ്റിന് വേണ്ടിയാണെങ്കിൽ ബിഗ് ബോസിൽ പോകാമായിരുന്നുവെന്നാണ് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ ഫേസ്ബുക്കിൽ കുറിച്ചത്.
കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധുവിന്റെ എഫ് ബി അക്കൗണ്ടിൽ നിന്നും ചെന്നിത്തലക്കെതിരെയും പോസ്റ്റ് വന്നിരുന്നു. ഇതിന് പിന്നാലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്പരം പഴി ചാരുന്നത് ശരിയല്ലെന്ന് പറഞ്ഞ് മേശ് ചെന്നിത്തലയും രംഗത്തെത്തി. അതേസമയം, പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആവശ്യപ്പെട്ടു.