
കറാച്ചി: പതിവിന് വിപരീതമായി ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയ്ക്കെതിരെ എന്തിനും ഏതിനും വിമർശനവുമായി പാകിസ്ഥാൻ എത്താറുണ്ടെങ്കിലും ഇത്തവണ സ്ഥിതി മറിച്ചാണ്. റഷ്യ-യുക്രെയിൻ പ്രശ്നത്തിലെ ഇന്ത്യയുടെ നിക്ഷ്പക്ഷ നിലപാടിനെയാണ് ഇമ്രാൻ ഖാൻ പുകഴ്‌ത്തിയത്.
ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും സ്വതന്ത്രമായ വിദേശനയമുണ്ടെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇന്ന് ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയാണ്. കൂടാതെ അവർ ക്വാഡിലെയും അംഗങ്ങളാണ്. ഇന്ത്യ,ജപ്പാൻ, അമേരിക്ക, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങൾ ചേരുന്നതാണ് ക്വാഡ്. എങ്കിലും നിക്ഷ്പക്ഷരാണെന്ന് ഇന്ത്യ പറയുന്നുവെന്ന് ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി.
ഒരു പൊതുറാലിയിൽ വച്ചായിരുന്നു ഇമ്രാൻ ഖാന്റെ പ്രസ്താവന. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെ തുടർന്ന് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾ അവഗണിച്ച് കൊണ്ട് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം കാരണം അവരുടെ നയം ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയുള്ളതിനാലാണെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.
നിലവിൽ പാകിസ്ഥാൻ പ്രധാനമന്ത്രിയും പട്ടാളവും രണ്ട് തട്ടിലാണ്. ഇമ്രാൻ ഖാന്റെ രാജിയ്ക്കായി പട്ടാളം ശ്രമം തുടങ്ങിക്കഴിഞ്ഞു. പാകിസ്ഥാനിലെ വിദേശകാര്യ നയത്തിൽ പ്രധാനമന്ത്രിയ്ക്ക് പോലും വ്യക്തമായ സ്വാധീനമില്ല. എല്ലാം തീരുമാനിക്കുന്നത് പട്ടാളം. പട്ടാളവുമായുള്ള സ്വരച്ചേർച്ചയില്ലായ്മയാണ്. ഇന്ത്യയെ പുകഴ്ത്തി സംസാരിക്കുന്നതിലേയ്ക്ക് ഇമ്രാൻ ഖാനെ നയിച്ചത്. ഇത് വരെ ഒരു പാക് പ്രധാനമന്ത്രിയെയും കാലാവധി പൂർത്തിയാക്കാൻ സെെന്യം അനുവദിച്ചിട്ടില്ല.