
''മനുഷ്യജീവിതത്തിൽ വിജയം നേടാൻ ദൈവം അവന് രണ്ട് മാർഗങ്ങൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസവും വ്യായാമവും. ഒന്ന് ആത്മാവിനും മറ്റേത് ശരീരത്തിനും. രണ്ടും വെവ്വേറെയല്ല, ഒരുമിച്ച് വേണ്ടതാണ്. ഈ രണ്ട് മാർഗങ്ങളിലൂടെയും മനുഷ്യന് പൂർണ്ണത കൈവരിക്കാൻ കഴിയും."" പ്ലേറ്റോയുടെ ഈ വചനം വ്യായാമത്തെക്കുറിച്ചുള്ള ഏറ്റവും അമൂല്യമായ നിരീക്ഷണമാണ്. ആരോഗ്യമുള്ള ശരീരം ആത്മാവിന്റെ  അതിഥിമന്ദിരമാണ്, രോഗാതുരമായ ശരീരം തടവറയും. വ്യായാമത്തിന് സമയമില്ലാത്തവർ താമസിയാതെ രോഗത്തിനായി സ്വയം സമയം ചെലവഴിക്കേണ്ടി വരും. നമ്മുടെ ശരീരത്തെ നല്ലതുപോലെ പരിരക്ഷിക്കുക. കാരണം, നാം ജീവിക്കേണ്ട ഒരേ ഒരു ഇടം നമ്മുടെ ശരീരമാണ് എന്ന് നാം എല്ലാവരും ഓർക്കേണ്ടതാണ്.
ചലനത്തിലൂടെ മാത്രമേ മാറ്റം സാദ്ധ്യമാകൂ. ജീവിതമെന്നാൽ ചലനമാണ്. ചലനം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ മാറ്റം വരുത്താൻ കഴിവുളള ഔഷധമാണ്. ഈ നിമിഷം മാത്രമാണ് പ്രധാനം. അതിനെ സുപ്രധാനവും അമൂല്യവുമാക്കി മാറ്റുന്നത് ചലനമാണ്. ലോകത്ത് പത്തിൽ ഒരാൾ മരിക്കുന്നത് വ്യായാമക്കുറവ് മൂലമാണ്. മൂന്നിലൊരാൾ ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. നിഷ്ക്രിയ ജീവിതം നിശബ്ദകൊലയാളിയാണ്. ദീർഘനേരം ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. നിഷ്ക്രിയജീവിതശൈലി പൊണ്ണത്തടിയും പ്രമേഹവും ഹൃദ്രോഗവും പക്ഷാഘാതവും ക്ഷണിച്ചുവരുത്തുന്നു. ഇവിടെയാണ് വ്യായാമത്തിന്റെ പ്രസക്തി ഏറുന്നത്.
ജീവിതത്തിലുടനീളം നാം അവഗണിച്ച ഊർജ്ജത്തിന്റെ ആന്തരിക ഉറവിടം ഉയർത്തുക എന്നതാണ് വ്യായാമത്തിന്റെ യഥാർത്ഥ ലക്ഷ്യം. ഹൃദയത്തിനു വേണ്ട യഥാർത്ഥ സൂപ്പാണ് വ്യായാമം. ഹൃദയത്തിന് നൽകുന്ന സ്തുതിയാണ് വ്യായാമം എന്നോർക്കുക. മൂന്നു F കൾക്കു വേണ്ടിയണ് നാം വ്യായാമം ചെയ്യുന്നത്. ക്ഷമത (Fitness), തമാശ (Fun), സൗഹൃദം (Friendship) അനാവശ്യമായ ക്ഷീണം കൂടാതെ, ഒഴിവുസമയ കാര്യങ്ങൾ ആസ്വദിക്കാനും അടിയന്തര സാഹചര്യ ങ്ങളോട് പ്രതികരിക്കാനും ആവശ്യമായ ഊർജ്ജത്തോടെ ദൈനംദിന ജോലികൾ ഊർജസ്വലതയോടെയും ജാഗ്രതയോടെയും നിർവഹിക്കാനുമുള്ള കഴിവാണ് ക്ഷമത. നമ്മുടെ ശരീരമാണ് നമ്മുടെ ഏറ്റവും വലിയ വിഭവവും വിഷയവും. നമ്മുടെ ശരീരത്തിൽ നിന്നാണ് പ്രചോദനം ആരംഭിക്കുന്നത്.

നമ്മുടെ ശരീരത്തെ അറിയുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് പ്രചോദനം പുഴ പോലെ ഒഴുകുന്നത്. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽ രാവിലെ വന്നാൽ ഈ മൂന്നു F കളും സംഗമിക്കുന്നത് കാണാൻ സാധിക്കും. രാവിലെ 6.15 മുതൽ 7.30 വരെ ഇവിടെ ഒരു സംഘം ആളുകൾ ഒത്തുകൂടുന്നു. തമാശകൾക്കും ചിരിപ്പടക്കങ്ങൾക്കും ശേഷം അവർ വൃത്താകൃതിയിൽ അണിനിരക്കുന്നു. സംഘത്തിന്റെ ക്യാപ്റ്റൻ അല്ലെങ്കിൽ മറ്റൊരാൾ വ്യായാമം പരിശീലിപ്പിക്കുന്നു. എട്ടുമണിക്ക് പരിശീലനം കഴിഞ്ഞ് പിരിയുമ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ 'വിയർപ്പ്പൂക്കൾ" സൂര്യപ്രഭയിൽ വിടർന്നു നിൽക്കുന്നത് കാണാൻ സാധിക്കും.എൽ. എൻ. സി. പി. ഇ പേരന്റ്സ് ഫിറ്റ്നസ് പ്രോഗ്രാമിലെ രക്ഷാകർത്താക്കളാണ് ഈ സംഘത്തിലെ ആളുകൾ. കാര്യവട്ടത്തെ പ്രാന്തപ്രദേശങ്ങൾ മുതൽ വെഞ്ഞാറമൂട് വരെയുള്ള സ്ഥലങ്ങളിൽ നിന്നുളള അംഗങ്ങൾ ഈ ഗ്രൂപ്പിലുണ്ട്.
രാജ്യത്തെ പരമോന്നത കായിക വിദ്യാലയമായ കാര്യവട്ടത്തെ എൽ.എൻ.സി.പി.ഇയിൽ നിന്നാണ് ഇത്തരമൊരു ആശയം പിറക്കുന്നത്. 2017 ഏപ്രിൽ, മെയ് മാസങ്ങളിൽ അരങ്ങേറിയ കുട്ടികളുടെ അവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് വ്യായാമ പരിശീലന പരിപാടി ആരംഭിച്ചു. എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡോ. ജി കിഷോർ മുൻകൈയെടുത്ത് നടപ്പിലാക്കിയ പദ്ധതിയാണ് ഈ വ്യായാമ പരിശീലനപരിപാടി. ഇത് പ്രായോഗികതലത്തിൽ കൊണ്ടുവരാൻ കബഡി കോച്ച്  ജി.വിജയകുമാറിനെ നിയോഗിക്കുകയും ചെയ്തു. കോച്ചിന്റെ നേതൃത്വം അക്ഷരാർത്ഥത്തിൽ രക്ഷാകർത്താക്കൾക്ക് നവോന്മേഷം പകർന്നു. അവധിക്കാലം കഴിഞ്ഞപ്പോൾ രക്ഷാകർത്താക്കളുടെ പരിശീലനം അവസാനിച്ചു. എന്നാൽ, കുറച്ചുപേർ ഈ വ്യായാമക്കളരി തുടരുവാൻ പ്രിൻസിപ്പാളിന് അപേക്ഷ നൽകി. ഇതിനെത്തുടർന്ന് അനുവാദം നൽകുകയും ചെയ്തു. 
ജി.വിജയകുമാർ എന്ന കോച്ചാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഈ ഗ്രൂപ്പിന്റെ ആദ്യ ക്യാപ്റ്റൻ ഈ ലേഖകനായിരുന്നു. ശരീരം ഒരു നിത്യ ചലന യന്ത്രമാണ്. ഈ യന്ത്രം തുരുമ്പ് പിടിക്കാതിരിക്കണമെങ്കിൽ ദിവസവും കുറഞ്ഞത് 30 മിനിറ്റ് നേരം വ്യായാമം ചെയ്യണം. രാവിലെ 6.15ന് എല്ലാ അംഗങ്ങളും യൂണിഫോം ധരിച്ച്  എൽ. എൻ.സി.പി.ഇ യുടെ ഗ്രൗണ്ടിൽ വൃത്താകൃതിയിൽ അണിനിരക്കുന്നു. ആദ്യകാലങ്ങളിൽ കോച്ച് ജി. വിജയകുമാറാണ് പരിശീലനം നൽകിയിരുന്നത്. ഇപ്പോൾ ഗ്രൂപ്പിന്റെ ക്യാപ്റ്റൻ എസ്. ആർ. സുനിൽ രാജും മറ്റൊരു അംഗമായ മുഹമ്മദ് ഷമീറുമാണ് ഈ വ്യായാമ പരിശീലനപരിപാടി അഭ്യസിപ്പിക്കുന്നത്.

ഇവരുടെ അഭാവത്തിൽ സുരേഷ് ഗണപതിയും ബിന്ദു മനോജും ഷിജിയും വ്യായാമക്കളരിക്ക് നേതൃത്വം നൽകാറുണ്ട്. സ്ട്രെച്ചിംഗും വാംഅപ്പും കഴിയുമ്പോൾ ശരീരം വ്യായാമത്തിനു വേണ്ടി സജ്ജമാകുന്നു. അതായത് ശരീരം സാവധാനം ചൂടുപിടിക്കുന്നു. ഇത് അഞ്ചു മുതൽ പത്തു മിനിറ്റ് വരെ നീണ്ടു നിൽക്കുന്നു. പിന്നീട് അഞ്ചു റൗണ്ട് ജോഗിംഗ്. അതിനു ശേഷം പ്രധാന വ്യായാമ മുറകളിലേക്ക് പ്രവേശിക്കുന്നു. എയ്റോബിക്സ്, മസ്കുലാർ എൻഡൂറൻസ്, മസ്കുലാർ സ്ട്രെംഗ്ത്, ഫ്ളെക്സിബിലിറ്റി, എജിലിറ്റി, കോർഡിനേഷൻ എന്നീ വിഭാഗങ്ങളിലുള്ള വ്യായാമമുറകൾ ഒറ്റയ്ക്കും ഇടകലർത്തിയും ചെയ്യാറുണ്ട്. പ്രധാന വ്യായാമ മുറകൾക്കുശേഷം ശരീരത്തെ പൂർവസ്ഥിതിയിൽ കൊണ്ടുവരാൻ അഞ്ചു മുതൽ പത്തു മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന 'കൂളിംഗ് ഡൗൺ" ചെയ്യാറുണ്ട്. ഹൃദയസ്പന്ദനം കുറച്ച് പൂർവസ്ഥിതി പ്രാപിക്കാനും പേശികളിൽ നിന്ന് രക്തം അകന്ന് ഒഴുകാനും ഈ ലഘുവ്യായാമങ്ങൾ സഹായിക്കുന്നു. അതിനുശേഷം ഡീപ് ബ്രീത്തിംഗ് എക്സർസൈസ്, പിരിയുന്നതിനുമുമ്പ് ഫോട്ടോ സെഷൻ. ഫോട്ടോ വാട്സാപ്പിൽ അപ്ലോഡ് ചെയ്യുന്നതോടുകൂടി ഒരു ദിവസത്തെ വ്യായാമ പരിപാടി അവസാനിക്കുന്നു.
എയറോബിക്സ്, സ്വിസ് ബോൾ, കരോട്ട, കളരി എന്നീ ഇനങ്ങളിൽ എല്ലാ അംഗങ്ങൾക്കും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. ശനിയാഴ്ചകളിലെ സിന്തറ്റിക് ട്രാക്കിലൂടെയുള്ള ചെറു ഓട്ടം ഒരു ഉത്സവം പോലെയാണ് എല്ലാ അംഗങ്ങളും ആഘോഷിക്കുന്നത്. രണ്ടാം ശനിയാഴ്ചകളിൽ മേനംകുളം ബീച്ചിൽ പോയി വ്യായാമം ചെയ്യാറുണ്ട്. അതോടൊപ്പം കടൽത്തീരത്ത് അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ പെറുക്കിയെടുത്ത് ശുചിയാക്കാറുണ്ട്.
വ്യായാമത്തിനായി ഓടുന്നതിനൊപ്പം പരിസരത്തിലെ ചപ്പുചവറുകൾ പെറുക്കുന്നതിനെ പ്ലോഗിംഗ് (Plogging)  എന്നു പറയുന്നു. 2020 മാർച്ച് 10 വരെ എൽ.എൻ.സി.പി. ഇ കാമ്പസിലായിരുന്നു പരിശീലനം. കൊവിഡിനു ശേഷം കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽഈ പരിശീലനം തിങ്കൾ മുതൽ ശനിയാഴ്ച വരെ തുടരുന്നു.
n