
കാതൽ കൊണ്ടേൻ എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴകവും കടന്ന് തെന്നിന്ത്യയിലെ തന്നെ പ്രിയതാരമായി മാറിയ ആളാണ് സോണിയ അഗർവാൾ. ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം കയ്‌പ്പക്ക എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം. ചണ്ഡീഗഢിൽ ജനിച്ചു വളർന്ന തനിക്ക് ഭാഗ്യം കൊണ്ടാണ് തെന്നിന്ത്യൻ സിനിമാ ഇൻഡസ്ട്രിയിൽ നായികയാകാൻ കഴിഞ്ഞതെന്ന് സോണിയ പറയുന്നു. കൗമുദി മൂവീസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
ഞാൻ ജനിച്ചതും വളർന്നതും ചണ്ഡിഗഢിലാണ്. ചെയ്തത് കൂടുതലും തെലുങ്ക് സിനിമകൾ. ആങ്കറിംഗും പഞ്ചാബി സീരീയലുകളുമായി നടന്ന കാലമുണ്ടായിരുന്നു. ഓഡിഷനൊക്കെ പങ്കെടുത്തിരുന്നു. സിനിമയിലെത്തുന്നതിന് മുന്നേ തമിഴോ മലയാളമോ തെലുങ്കോ കന്നടയോ ഒന്നും കേട്ടിട്ട് കൂടിയില്ലാത്ത ആളായിരുന്നു താനെന്നും ലൊക്കേഷനിലുള്ളവരെല്ലാം തന്നെ സഹായിച്ചിട്ടുണ്ടെന്നും സോണിയ പറയുന്നു.
ഈ പ്രായത്തിലും സുന്ദരിയായി ഇരിക്കുന്നതിന്റെ രഹസ്യവും താരം പങ്കിട്ടു. എപ്പോഴും പോസിറ്റീവായിട്ട് ഇരിക്കാനാണ് ഇഷ്‌ടം. അത് ഞാനെന്റെ പ്രായത്തെ കുറിച്ച് ചിന്തിക്കുന്നില്ല. പ്രായം ആകുന്നതിനെ കുറിച്ചു ചിന്തിക്കുന്നില്ല. കൃത്യമായ ഡയറ്റും എക്‌സർസൈസുമുണ്ട്. മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയുമാണ് കൂടുതൽ ഇഷ്ടമെന്നും അവർക്കൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും സോണിയ പറഞ്ഞു.