tyty

ഗുവാഹട്ടി : റഷ്യൻ അധിനിവേശത്തിനെതിരെ യുക്രെയിനെ മുന്നിൽ നിന്ന് നയിക്കുന്ന പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയ്ക്ക് ലോകമെമ്പാടും ആരാധകരേറുകയാണ്. ധീരനായ ഈ നേതാവിനെ ആദരിക്കാൻ കടുപ്പമേറിയ ഒരു വഴി തന്നെ സ്വീകരിച്ചിരിക്കുകയാണ് അസാമിലെ ചായപ്പൊടി നിർമ്മാതാക്കൾ. സെലൻസ്കിയോടുള്ള ആദര സൂചകമായി അസമിലെ പ്രമുഖ ചായപ്പൊടി നിർമാതാക്കളായ അരോമിക്ക ടീയാണ് 'സെലൻസ്‌കി സ്‌ട്രോങ്ങ് ടീ' എന്ന പേരിൽ പുതിയ ചായപ്പൊടി വിപണിയിലിറക്കിയിരിക്കുന്നത്. കടുപ്പമേറിയ ചായക്ക് നൽകാൻ ഇതിലും നല്ല പേരില്ലെന്നും റഷ്യൻ അധിനിവേശത്തെ നേരിടാൻ സെലൻസ്‌കി കാണിച്ച ധീരതയ്ക്കുള്ള ആദരമായാണ് ഇങ്ങനെയൊരു നടപടിയെന്ന് അരോമിക്ക ഡയറക്ടർ രഞ്ജിത് ബറുവ പറഞ്ഞു. അസാം ചായയും സെലൻസ്‌കിയുടെ വ്യക്തിത്വവും ധീരതയും തമ്മിലുള്ള ഒരു താരതമ്യത്തിനുള്ള ശ്രമമാണ് പുതിയ ചായപ്പൊടിയിലൂടെ തങ്ങൾ ശ്രമിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേ സമയം സെലൻസ്‌കി ചായപ്പൊടി ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ചായപ്പൊടി ഓൺലൈനിൽ ലഭ്യമായിത്തുടങ്ങിയതോടെ വാങ്ങാനും ആവശ്യക്കാരേറെയാണ്. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ചായപ്പൊടിക്ക് സെലൻസ്‌കിയുടെ പേര് നൽകിയതിനെ പ്രകീർത്തിച്ച് രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചായപ്പൊടി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് യുക്രെയിൻ.

യുക്രയിനിലെ റഷ്യൻ അധിനിവേശം ചായപ്പൊടി കയറ്റുമതിയെ സാരമായി ബാധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.