
കൊച്ചി: ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി രചിച്ച ആറ് കവിതകൾ കഴിഞ്ഞ ദിവസം ശാസ്ത്രീയ സംഗീതത്തിന്റെ രാഗതാളങ്ങളോടെ അദ്ദേഹത്തിന്റെ പൂർവവിദ്യാലയമായ കോലഞ്ചേരി പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ആവിഷ്‌കരിച്ചത് നവ്യാനുഭവമായി. ഹരിതം കാവ്യരാഗമെന്നായിരുന്നു സംഗീത രാവിന്റെ പേര്. സ്‌നേഹത്തിന്റെയും സഹൃദയത്വത്തിന്റെയും സന്ദേശമെത്തിക്കുകയാണ് കവിതയുടെ ധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. ലോകങ്ങൾ, ഇലയും വേരും, പ്രകൃതി ലോലം ഭാഗം-1, പ്രകൃതി ലോലം ഭാഗം -2, തണൽ, പ്രകൃതി വന്ദനം എന്നീ കവിതകളടക്കമാണ് ഡോ. മണക്കാല ഗോപാലകൃഷ്ണൻ ആറു രാഗങ്ങളിലായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചത്. സാഹിത്യ അവതരണം കടമ്മനിട്ട പ്രസന്നകുമാർ നിർവഹിച്ചു. വ്യവസായമന്ത്രി പി. രാജീവ് സംഗീതരാവ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.വി ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനായി.