
തിരുവനന്തപുരം :സ്ത്രീകളെ വിരോധികളായി കാണുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നു ബി.ജെ.പി ദേശീയ സെക്രട്ടറി വിജയ രാഹേത്കർ ആരോപിച്ചു. , കാവന്നൂരിലെ പെൺകുട്ടിക്ക് നീതി ഉറപ്പാക്കുക, ഞങ്ങൾക്കും ജീവിക്കണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ബി.ജെ.പി വനിതാ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സ്ത്രീ മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ലൗ ജിഹാദിന്റെയും മയക്ക് മരുന്നിന്റെയും ഇരകൾ സംസ്ഥാനത്ത് കൂടി വരുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് 6 ഇരട്ടിയായി വർദ്ധിച്ചു. പിണറായി വിജയൻ സർക്കാരിൽ ദലിത്, ഒ.ബി.സി വിഭാഗങ്ങളിലെ ഉൾപ്പെടെ സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത സ്ഥിതിയാണ്. സ്ത്രീകൾക്ക് ജീവിക്കാൻ സാധിക്കാത്ത സ്ഥലമായി കേരളം മാറി. ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്ന കോൺഗ്രസും സ്ത്രീ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നു അവർ ആരോപിച്ചു.
സ്ത്രീപീഡകരുടെയും ബലാൽസംഗക്കാരുടെയും താവളമായി കേരളം മാറിയെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. . കാവന്നൂരിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ മുഖ്യമന്ത്രിയോ , മറ്റു മന്ത്രിമാരോ തിരിഞ്ഞ് നോക്കിയില്ല. ഈ പെൺകുട്ടിക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടായില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യം, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.ടി. രമ, പ്രമീള ദേവി, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ് , സുധീർ, സെക്രട്ടറിമാരായ സിന്ധുമോൾ, രജി പ്രസാദ് , രേണു സുരേഷ്, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്. മേനോൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നവ്യ ഹരിദാസ്, സിനി മനോജ് , ജില്ലാ പ്രസിഡന്റ് ജയാ രാജീവ്, ജനറൽ സെക്രട്ടറി ശ്രീകല, തുടങ്ങിയവർ പങ്കെടുത്തു.