
ഹൈദരാബാദ്: തെലുങ്ക് നടി ഗായത്രി (26) വാഹനാപകടത്തിൽ അന്തരിച്ചു. ഹോളി ആഘോഷങ്ങൾക്കു ശേഷം സുഹൃത്തിനൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങവേ കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഡിവൈഡറിൽ ഇടിച്ച ശേഷം വായുവിൽ ഉയർന്നുപൊങ്ങിയ കാർ വഴിയാത്രക്കാരിയായ ഒരു യുവതിയുടെ പുറത്തേക്കാണ് വീണത്. ഗായത്രിയും 38കാരിയായ വഴിയാത്രക്കാരി സംഭവസ്ഥലത്തും കാർ ഓടിച്ചിരുന്ന ഗായത്രിയുടെ സുഹൃത്ത് ആശുപത്രിയിൽ വച്ചും മരണമടഞ്ഞു.
ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ ശരിയായ പേര്. ഈ പേരിൽ തന്നെയുള്ള യൂട്യൂബ് ചാനൽ വഴിയാണ് താരം പ്രശസ്തിയുടെ പടവുകൾ കയറുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതിനുശേഷമാണ് ഗായത്രി അഭിനയരംഗത്തേക്ക് കടക്കുന്നത്. തന്റെ ആദ്യ വെബ് സീരീസായ 'മാഡം സാർ മാഡം ആൻതേ'യിൽ മികച്ച പ്രകതികരണമാണ് ലഭിച്ചത്. ഇതു കൂടാതെ നിരവധി ഷോർട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്.