
അട്ടപ്പാടി: നവജാതശിശുമരണങ്ങൾ നിയന്ത്രിക്കാൻ ഇനിയും സാധിക്കാത്ത അട്ടപ്പാടിയിൽ ഇന്ന് ഒരു ശിശുമരണം. മേട്ടുവഴി മരുതൻ-ജിൻസി ദമ്പതികളുടെ നാല്‌മാസം മാത്രം പ്രായമുളള ശിവപ്രസാദ് എന്ന കുഞ്ഞാണ് മരിച്ചത്. ജന്മനാ ഹൃദയതകരാറുണ്ടായിരുന്നു കുട്ടിയ്‌ക്ക്. ചികിത്സയിലിരിക്കെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന നാലാമത്തെ കുഞ്ഞാണിത്. മാർച്ച് ഒന്നിനാണ് ഇതിനുമുൻപ് ഇവിടെ മരണം റിപ്പോർട്ട് ചെയ്‌തത്. ഷോളയാറിലെ വട്ടലക്കി ലക്ഷംവീടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ കുഞ്ഞാണ് ഉയർന്ന രക്തസമ്മർദ്ദവും രക്തക്കുറവും വന്ന് മരിച്ചത്.
മരണങ്ങൾ സംഭവിക്കുന്നത് നിലയ്‌ക്കാതെ വന്നതോടെ മുൻ രാജ്യസഭാംഗമായ റിച്ചാർഡ് ഹേ നൽകിയ പരാതിയിൽ കേന്ദ്ര പട്ടികവർഗ കമ്മിഷൻ ചീഫ് സെക്രട്ടറിയ്‌ക്ക് കത്തയച്ചിരുന്നു. സംസ്ഥാന സർക്കാർ അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.