
ന്യൂഡൽഹി: ചൈനയിൽ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഉൾപ്പെട്ട ബോയിംഗ് 737 വിമാനം ഇന്ത്യയിൽ ഉപയോഗിക്കുന്നത് മൂന്ന് വിമാനകമ്പനികൾ. ഈ വിമാനങ്ങൾക്ക് മേലുള്ള നിരീക്ഷണം ഇന്ത്യയിൽ ശക്തിപ്പെടുത്തിയതായി ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ തലവൻ അരുൺ കുമാർ അറിയിച്ചു. വിമാന സുരക്ഷ വളരെ ശ്രമകരമായ ദൗത്യമാണെന്നും ബോയിംഗ് 737 വിമാനങ്ങളുടെമേലുള്ള നിരീക്ഷണം വർദ്ധിപ്പിച്ചതായും അരുൺ കുമാർ വ്യക്തമാക്കി. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിൽ വിസ്താര, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാന കമ്പനികളാണ് ബോയിംഗ് 737 വിഭാഗത്തിലുള്ള വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ബോയിംഗ് 737 മാക്സ്, ബോയിംഗ് 737-800 എന്നീ രണ്ട് തരത്തിലുള്ള വിമാനങ്ങളാണ് ഈ വിഭാഗത്തിൽ ഉപയോഗിക്കുന്നത്. ഇവ രണ്ടും ബോയിംഗ് 737 സീരീസിൽ ഉൾപ്പെട്ട വിമാനങ്ങളാണ്.
2018 ഒക്ടോബറിലും 2019 മാർച്ചിനും ഇടയിലുള്ള ആറ് മാസകാലയളവിൽ രണ്ട് ബോയിംഗ് 737 വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടങ്ങൾക്ക് ശേഷം ഇന്ത്യയിലെ ഈ വിഭാഗങ്ങൾക്കുള്ള സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ഇന്നത്തെ അപകടത്തിന് ശേഷം ഈ വിമാനങ്ങളുടെ സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.