oil

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില വ‌ർദ്ധിച്ചു. പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 85പൈസയുമാണ് വ‌ർദ്ധനവ് വന്നത്. വിലവർദ്ധന ചൊവ്വാഴ്‌ച രാവിലെ ആറ് മണി മുതൽ പ്രാബല്യത്തിൽ വരും. തുടർച്ചയായി 138 ദിവസം വില മാറ്റമില്ലാതെ തുട‌ർന്നശേഷമാണ് ഇപ്പോൾ വില കൂടിയത്.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുൻപാണ് രാജ്യത്ത് എണ്ണവില വ‌ർദ്ധനവ് ഉണ്ടായത്. പിന്നീട് യുക്രെയിൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയ‌ർന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല. യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നൽകുന്ന റഷ്യയ്‌ക്ക് അമേരിക്കയും ബ്രിട്ടണും വിവിധ യൂറോപ്യൻ രാജ്യങ്ങളും നിരോധനം കൊണ്ടുവന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു.

ആഗോള ക്രൂഡ് ഓയിൽ വില വ്യത്യാസം വന്നതിനാൽ ഡീസൽ ബൾക്ക് പർച്ചേസ് ചെയ്യുന്നവർക്ക് വില ലിറ്ററിന് 25 രൂപ വച്ച് വർദ്ധിച്ചു. ആഗോള വിപണിയിൽ 40 ശതമാനം വിലവർദ്ധനയെ തുടർന്നാണിതെന്നാണ് വിവരം. നിലവിൽ ബൾക്ക് പർച്ചേസ് നടത്തുന്ന ബസ് ഉടമകളടക്കം പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ചുതുടങ്ങിയതായാണ് വിവരം.