
ശ്രീനഗർ: കാശ്മീരിൽ വിവിധയിടങ്ങളിലെ ആക്രമണങ്ങളിൽ ഒരു പ്രദേശവാസി വെടിയേറ്റ് മരിച്ചു. ബീഹാർ സ്വദേശിയായ തെരുവ്കച്ചവടക്കാരനടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ബുദ്ഗാമിൽ ഗോദ്പോര ഏരിയയിൽ വീട്ടിലേക്ക് ആക്രമണം നടത്തിയ തീവ്രവാദികൾ ഒരു പ്രദേശവാസിയെ കൊലപ്പെടുത്തി. തജാമുൽ മൊഹിയുദ്ദീൻ റാത്തർ ആണ് മരിച്ചത്. വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
രണ്ടാമത് ആക്രമണമുണ്ടായത് ബിഹാർ സ്വദേശിയായ കച്ചവടക്കാരന് നേരെയാണ്. ബിസുജീത് കുമാർ എന്നയാളെ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ. സംഭവശേഷം സുരക്ഷാസേന തീവ്രവാദികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.