
കൊച്ചി: പെട്രോളിനും ഡീസലിനും പിന്നാലെ പാചക വാതക വിലയും കൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 956 രൂപയാണ് പുതിയ വില. അഞ്ച് കിലോയുടെ സിലിണ്ടറിന് 13 രൂപയാണ് കൂട്ടിയത്.
രാജ്യത്ത് ഡീസൽ ലിറ്ററിന് 85 പൈസയും, പെട്രോളിന് 88 പൈസയും ഇന്നലെ കൂട്ടിയിരുന്നു. 138 ദിവസത്തിന് ശേഷമാണ് ഇന്ധനവില വർദ്ധിച്ചത്. പുതുക്കിയ വില പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 107 രൂപ 23 പൈസയും, ഡീസലിന് 94 രൂപ 32 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 105 രൂപ 45 പൈസയും ഡീസലിന് 92 രൂപ 61 പൈസയുമായി.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുൻപാണ് രാജ്യത്ത് എണ്ണവിലയിൽ വർദ്ധനവ് ഉണ്ടായത്. പിന്നീട് യുക്രെയിൻ-റഷ്യ യുദ്ധം തുടങ്ങിയതോടെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നെങ്കിലും രാജ്യത്ത് അതിന്റെ പ്രതിഫലനമുണ്ടായില്ല. യൂറോപ്പിലേക്ക് ആവശ്യമായ ഭൂരിഭാഗം ഇന്ധനവും നൽകുന്ന റഷ്യയ്‌ക്ക് അമേരിക്കയും ബ്രിട്ടണും വിവിധ യൂറോപ്യൻ രാജ്യങ്ങളും നിരോധനം കൊണ്ടുവന്നതോടെ ചൈനയിലേക്കും ഇന്ത്യയിലേക്കും ഇന്ധനം കയറ്റുമതി ചെയ്യാനും റഷ്യ തയ്യാറായിരുന്നു.