sunil-gopi

പാലക്കാട്: ഭൂമി ഇടപാടിൽ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ സുനിൽ ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാർ. പരാതിക്കാരനായ ഗിരിധറിന്റെ ബെൻസ് തട്ടിയെടുക്കാൻ സുനിൽ ഗോപി ശ്രമിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു.


സുനിലിന്റെ കൈയിൽ ഭൂമി എത്തിയത് ഉടമ്പടി പ്രകാരമാണ്. 2016 ൽ കോടതി ഉടമ്പടി റദ്ദാക്കി. ഇക്കാര്യം മറച്ചുവച്ചാണ് ഭൂമി രജിസ്ട്രേഷൻ നടത്തിയതെന്ന് നാട്ടുകാർ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. അതേസമയം സുനിലിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും. ഇപ്പോൾ റിമാന്റിലുള്ള സുനിലിനെ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

കോയമ്പത്തൂർ നവക്കരയിൽ 4.52 ഏക്കർ ഭൂമി സുനിൽ വാങ്ങിയിരുന്നു. ഇത് കോടതി പിന്നീട് റദ്ദാക്കിയിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവച്ച് 97 ലക്ഷം രൂപയ്ക്ക് കോയമ്പത്തൂർ സ്വദേശിയായ ഗിരിധറിന് സുനിൽ ഈ ഭൂമി വിറ്റു. വസ്തുവിന്റെ രജിസ്ട്രേഷൻ സമയത്താണ് വഞ്ചിക്കപ്പെട്ട വിവരം ഗിരിധർ അറിയുന്നത്. തുടർന്ന് പരാതി നൽകുകയായിരുന്നു. സുരേഷ് ഗോപി എംപിയുടെ സഹോദരനാണ് സുനിൽ ഗോപി.