wali

കീവ്: ലോകത്തിലെ ഏറ്റവും മികച്ച സ്‌നെെപ്പർമാരിൽ ഒരാളായ 'വാലി' കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് റഷ്യയ്‌ക്കെതിരെ പോരാടാനായി യുക്രെയിനിനൊപ്പം ചേർന്നത്. റഷ്യയിൽ എത്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ 10 റഷ്യൻ സെെനികരെ വാലി വധിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഒലിവർ ലവിഗ്നെ ഓർട്ടിസ് എന്നതാണ് വാലിയുടെ യഥാർത്ഥ പേര്.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ സ്‌നെെപ്പർ(ഒളിഞ്ഞ് നിന്നും വെടിവയ്ക്കുന്നയാൾ) ആയാണ് കനേഡിയനായ വാലിയെ കണക്കാക്കുന്നത്. എന്നാൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ വാലി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വാലിയ്ക്ക് പറ്റിയ അബ‌ദ്ധത്തിലൂടെ ഇയാളുടെ ലൊക്കേഷൻ റഷ്യൻ സെെന്യം മനസിലാക്കിയെന്നാണ് വിവരം. എന്നാൽ ഇത്തരത്തിലൊരു അബ‌ദ്ധം വാലിയെപ്പോലൊരു ലോകോത്തര സെെനികന് സംഭവിക്കുമോയെന്നും പലരും ചോദിക്കുന്നു.

അഫ്ഗാനിസ്ഥാനിൽ, താലിബാനെതിരെ പോരാടിയ നാല് സ്നൈപ്പർമാരിൽ ഒരാളായ വാലി ഇറാക്കിൽ ഐസിസിനെതിരെ നടത്തിയ പോരാട്ടത്തിന്റെ പേരിലും പ്രശസ്തനാണ്. ഏറ്റവും അകലെനിന്നുള്ള സ്‌നൈപ്പർ കൊലയുടെ റെക്കോർഡ് വാലിയ്ക്കാണ്. 3.5 കിലോമീറ്റർ അകലെയുള്ള ലക്ഷ്യമാണ് വാലി വെടിവച്ചിട്ടത്.

2009 നും 2011 നും ഇടയിൽ അഫ്ഗാനിസ്ഥാൻ യുദ്ധത്തിൽ രണ്ടുതവണ വാലി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ യുദ്ധകാലത്താണ് അറബിയിൽ സംരക്ഷകൻ എന്നർത്ഥം വരുന്ന വാലി എന്ന വിളി പേര് അദ്ദേഹത്തിന് ലഭിച്ചത്.ഒരു ദിവസം 40 പേരടങ്ങുന്ന ട്രൂപ്പിനെ വരെ സ്‌നെെപ്പ് ചെയ്ത് കൊല്ലാനാകുമെന്നതാണ് വാലിയെ കൂടുതൽ അപകടകാരിയാക്കുന്നത്.

ഭാര്യയും ഒരു മകനുമുള്ള വാലി, മനുഷ്യത്വപരമായ കാരണങ്ങളാലാണ് യുക്രെയിനിലേയ്ക്ക് പോകുന്നത് എന്ന് അറിയിച്ചിരുന്നു. നേരത്തെ റഷ്യയ്‌ക്കെതിരായ പോരാട്ടത്തിൽ അണിചേരാൻ ആഗ്രഹിക്കുന്നവരെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സ്വാഗതം ചെയ്തതിരുന്നു. ഇതോടെയാണ് യുക്രെയിനായി പോരാടാൻ വാലി എത്തിയത്.