
തിരുവനന്തപുരം: കിളിമാനൂരിൽ ബൈക്ക് അപകടത്തില്‍ വ്യാപാരി മരണപ്പെട്ടതിൽ ദുരൂഹത. കല്ലറ ചെറുവാളം സ്വദേശി മണികണ്ഠനെയാണ്(44) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ശരീരത്തില്‍ വെട്ടേറ്റെന്ന് സംശയിക്കുന്ന പാടുകളുണ്ടെന്നാണ് ഡോക്‌ടർമാരുടെ റിപ്പോർട്ട്. സുഹൃത്തിനെ കൊണ്ടാക്കിയ ശേഷം വണ്ടിയെടുത്ത് മുന്നോട്ട് പോകവെയായിരുന്നു അപകടം നടന്നത്.
അതേസമയം അപകടം സംഭവിച്ചതിന് തൊട്ടുപിന്നാലെ ഒരു സംഘം വാഹനത്തില്‍ സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്തിനടുത്തുള്ള വീട്ടിലെ സിസിടിവി ദ്യശ്യങ്ങളിലാണ് ഈ സംഘം വാഹനത്തില്‍ എത്തിയ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതാണ് പ്രധാനമായും മണികണ്ഠന്റെ മരണത്തിൽ ദുരൂഹത ഉയർത്തുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ നിഗമനത്തിലേയ്ക്ക് പൊലീസിന് എത്തിച്ചേരാനാകു.