
കൊച്ചി: കേരള ഭാഗ്യക്കുറി സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനമായ ആറ് കോടിയുടെ ടിക്കറ്റ് വിറ്റ വിൽപ്പനക്കാരന് കമ്മീഷനായി ലഭിക്കുന്നത് അരക്കോടിയോളം രൂപ. പട്ടാമ്പി സ്വദേശി രാധാകൃഷ്ണനാണ് 50 ലക്ഷത്തിലേറെ രൂപയുടെ കമ്മിഷന് അർഹനായിരിക്കുന്നത്.
16 വർഷമായി ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് ലോട്ടറി വിറ്റ് ജീവിക്കുകയാണ് 61 കാരനായ രാധാകൃഷ്ണൻ. ദിവസവും രാവിലെ ഭഗവതിയെ തൊഴുതാണ് കച്ചവടം ആരംഭിക്കുക. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹമാണീ ഭാഗ്യമെന്ന് രാധാകൃഷ്ണൻ പറയുന്നു. വെള്ളിയാഭരണങ്ങൾ വിറ്റുനടന്ന കാലത്ത് 16 വർഷം മുമ്പ് ക്ഷേത്രദർശനത്തിനെത്തിയതാണ്. പിന്നെ ഇവിടെ തന്നെ ലോട്ടറി കച്ചവടവുമായി കൂടുകയായിരുന്നു. നല്ലതു മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇനിയും ഇതേ ജോലി ഇവിടെ തന്നെ തുടരുമെന്നും രാധാകൃഷ്ണൻ പറഞ്ഞു. പട്ടാമ്പി മേലാറ്റൂർ ആത്തിതൊടിയിലാണ് വീട്. ഭാര്യ: രമണി. മക്കൾ: തുഷാര, രാകേഷ്, സജീവ്.

കച്ചേരിപ്പടിയിലെ വിഘ്നേശ്വര ലോട്ടറി ഏജൻസിയിൽ നിന്നാണ് രാധാകൃഷ്ണൻ വർഷങ്ങളായി ലോട്ടറി എടുക്കുന്നത്. കമ്മിഷൻ ഏജൻസിക്കാണ് ലഭിക്കുക. അത് സബ് ഏജന്റിന് കൈമാറും. 60 ലക്ഷം രൂപ കമ്മിഷനിൽ നിന്ന് നികുതികളെല്ലാം കഴിഞ്ഞാണ് 50 ലക്ഷത്തിൽപ്പരം രൂപ രാധാകൃഷ്ണന് നൽകുകയെന്ന് വിഘ്നേശ്വര ഉടമ എൻ.അജേഷ് കുമാർ പറഞ്ഞു.