
കറ്റാനം: ക്ഷേത്രങ്ങളിലെ നിലവിളക്കുകൾ മോഷ്ടിച്ചയാൾ പിടിയിലായി. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി നന്ദനം വീട്ടിൽ മധുസൂദനൻ പിള്ള (52)യെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.
ഞായറാഴ്ച രാത്രി 12 മണിയ്ക്ക് വാത്തികുളം നെടുങ്കയിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ച് ചാക്കിലാക്കി കടക്കുന്നതിനിടെ ശബ്ദം കേട്ട് സമീപവാസികൂടിയായ പൂജാരി കണ്ണൻ ഓടിയെത്തി. എന്നാൽ കണ്ണനെ അക്രമിച്ച ശേഷം മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പൂജാരി വിവരം മൈക്കിലൂടെ നാട്ടുകാരെ അറിയിച്ചു. അസമയത്തെ അറിയിപ്പ് കേട്ട് നാട്ടുകാർ പാഞ്ഞെത്തി. പിന്നാലെ നടത്തിയ തിരച്ചിലിൽ സമീപത്തെ വീടിന് മുകളിൽ ഒളിച്ചിരുന്ന മധുസൂദനൻ പിള്ളയെ നാട്ടുകാർ പിടികൂടുകയായിരുന്നു. മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് കുറത്തികാട് പൊലീസിന് കൈമാറി. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.